തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. മുൻമന്ത്രിയും നിയമസഭയിലെ മുതിർന്ന കോൺഗ്രസ് അംഗവുമായ കെ.സി.ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
വനിതാ മതിലുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. അതേസമയം വനിതാ മതിലിന് സർക്കാർ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ക്ഷേമപ്രവർത്തനത്തിനുമായി 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചിലർ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ അറിയാതെയാണോ അഡ്വക്കേറ്റ് ജനറൽ സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിർദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, 50 കോടി വക മാറ്റി ചെലവഴിക്കാനുളള സർക്കാരിന്റെ നീക്കം കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് പിന്മാറ്റമെന്നും പറഞ്ഞു.