തിരുവനന്തപുരം: ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വനിതാ മതിലിൽ ഇതര മതസ്ഥരെയും സിപിഎം പങ്കെടുപ്പിക്കും. ഹിന്ദുക്കൾ മാത്രം പങ്കെടുക്കുന്ന വനിതാ മതിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന വിമർശനങ്ങളെ അതിജീവിക്കാനാണ് ശ്രമം.
എല്ലാ മത വിഭാഗങ്ങളെയും മതിലിന്റെ ഭാഗമാക്കണമെന്ന തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുത്തത്. കോൺഗ്രസിനും ബിജെപിക്കും പുറമെ, കെസിബിസിയും വനിതാ മതിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.
നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം അവതരിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നാണ് കെസിബിസി വിമർശിച്ചത്. രാഷ്ട്രീയ ലക്ഷ്യം വച്ചുളള ഈ വിഭാഗീയ നീക്കം ഒഴിവാക്കണമെന്നും കെസിബിസി പറഞ്ഞിരുന്നു.
അതേസമയം വനിതാ മതിൽ പരിപാടിക്ക് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകി. മുൻമന്ത്രിയും നിയമസഭയിലെ മുതിർന്ന കോൺഗ്രസ് അംഗവുമായ കെ.സി.ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
വനിതാ മതിലുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. അതേസമയം വനിതാ മതിലിന് സർക്കാർ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇന്ന് വ്യക്തമാക്കിയിരുന്നു.
വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചത്. വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു.