സന്നിധാനം: ശബരിമലയിൽ അമ്പതു വയസ്സില്‍ താഴെയുള്ള രണ്ടു യുവതികള്‍ ദർശനം നടത്തി.  നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോയ ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയത്.  പൊലീസിന്റെ സഹായത്തോടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.  ഇതിന്റെ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.  പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

Read More: പുലര്‍ച്ചെ പൊലീസിനെ കണ്ട് സുരക്ഷ തേടി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദു

ദൃശ്യങ്ങളില്‍ ഇരുവരും ദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പതിനെട്ടാം പടി കയറാതെ വടക്കേ നടയിലൂടെയാണ് ഇരുവരും ദര്‍ശനത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചയോടെ മുഖം മറച്ചാണ് ഇരുവരും ദര്‍ശനത്തിന് എത്തിയത്. ഭക്തര്‍ കുറവുളള സമയമായതിനാല്‍ ഇരുവര്‍ക്കും എതിരെ പ്രതിഷേധങ്ങളും ഉണ്ടായില്ല.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദർശനനം നടത്തിയത്. 45 വയസിൽ താഴെ പ്രായമുള്ളവരാണിവർ. പുലർച്ചെ 3.45 ഓടെയാണ് ഇവർ ശബരിമലയിലെത്തിയത്.

ഡിസംബര്‍ 24ന് ദര്‍ശനത്തിന് എത്തിയ ഇരുവരും പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരികെ പോയിരുന്നു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവരെയാണോ നിങ്ങൾ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇവരെ പമ്പയില്‍ നിന്നും പൊലീസ് തിരികെ കൊണ്ടുപോവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.