കൊച്ചി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓർത്തഡോക്‌സ് സഭയിലെ വൈദികർക്ക് ജാമ്യമില്ല. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്സ് കെ.ജോര്‍ജ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ച് കോടതി വൈദികരുടെ അപേക്ഷ തളളുകയായിരുന്നു. അതേസമയം, അറസ്റ്റ് ഉണ്ടാകുന്ന സാഹചര്യത്തിൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

കേസിലെ പ്രതികളും ഓർത്തഡോക്‌സ് സഭയിലെ വൈദികരുമായ ഏബ്രഹാം വർഗീസ്, ജെയ്സ് കെ.ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു എന്നീ നാലു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ മൂന്നുപേരുടെ അപേക്ഷയാണ് കോടതി ഇന്നു തളളിയത്.

പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികരായ എബ്രഹാം വര്‍ഗ്ഗീസ്, ജെയ്സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുളളത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി.

2009 ൽ ഫാദർ ജോബ് മാത്യുവിന് മുൻപാകെ യുവതി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. പിന്നീട് ഫാദർ ജോബ് മാത്യു ഈ വിവരം പ്രതികളായ മറ്റു വൈദികരുമായി പങ്കുവച്ചു. അവരും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്‌പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് യുവതിയുടെ മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ വൈദികരെ അറസ്റ്റ് ചെയ്യൂവെന്നാണ് സൂചന. യുവതിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നും പരിശോധിച്ചു അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ