scorecardresearch

തെരുവുകളില്‍ മാത്രമല്ല, വീട്ടിലും സുരക്ഷിതരല്ല സ്ത്രീകള്‍

കേരളം എത്രത്തോളം സ്ത്രീ സൗഹൃദമാണ്. പിങ്ക് പൊലീസും വനിതാ സഹായപദ്ധതികളുമെല്ലാം നടപ്പാക്കുമ്പോഴും കേരളം സ്ത്രീകളോട് എന്തിന് ഇങ്ങനെ പെരുമാറുന്നു. നഗരങ്ങളേക്കാൾ കൂടുതൽ ഗാർഹിക പീഡനം ഗ്രാമങ്ങളിൽ. പരാതിക്കാരിലേറെയും 30 വയസ്സിന് താഴെയുള്ളവർ

crime, women

തിരുവനന്തപുരം: കേരളത്തിലെ തെരുവുകളില്‍ മാത്രമല്ല, വീടകങ്ങളിലും ഒട്ടും സുരക്ഷിതരല്ല സ്ത്രീകള്‍. സ്ത്രീ പീഡനങ്ങൾക്കെതിരായി പ്രചാരണ പരിപാടികളും പദ്ധതികളും അരങ്ങേറുമ്പോഴും നിരവധി സ്ത്രീകള്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയാവുന്നു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എസ്‌സിആര്‍ബി) കണക്കുകള്‍ പ്രകാരം ആശ്വസിക്കാനുള്ള വക കേരളത്തിലെ അവസ്ഥയിലില്ല. കഴിഞ്ഞ അഞ്ചു വർഷമായി റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കുറവുണ്ടുകുന്നുവെന്നതൊഴിച്ചാൽ ഗാർഹിക പീഡനം സംസ്ഥാനത്തെ പ്രധാന ക്രൈം കേസുകളിലൊന്നായി തുടരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും പ്രതികളായ 3,454 കേസുകളാണ് 2016 ൽ വിവിധ ജില്ലകളില്‍നിന്നായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുരോഗമനത്തിന്റെ കുപ്പായമിട്ട് അഹങ്കരിക്കുന്ന കേരളത്തിന്റെ തലകുനിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.

2007 മുതലുള്ള കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഓരോ വര്‍ഷവും 3000 ത്തിന് മുകളില്‍ കേസുകള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യുന്നുവെന്ന കാണാൻ കഴിയും. ഭര്‍ത്താവ്, ഭര്‍ത്താവിന്റ കുടുംബാംഗങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നുമുണ്ടാകുന്ന ശാരീരിക, ലൈംഗിക, മാനസിക ഉപദ്രവങ്ങളെല്ലാം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയിലാണു വരുന്നത്.

കേരളത്തില്‍ 2007 മുതല്‍ 2016 വരെ ഗാര്‍ഹിക പീഡന പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍
rime, women

ഗ്രാമ പ്രദേശങ്ങളില്‍നിന്നാണ് അധികം കേസുകളും. 2016 ലെ ഭര്‍തൃ പീഡന കേസുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോടാണ് (436). രണ്ടാമത് തിരുവനന്തപുരത്താണ് (379). തൊട്ടടുത്തുള്ളത് തൃശ്ശൂര്‍ ജില്ലയാണ് (353). ഏറ്റവും കുറവ് കേസുകള്‍ വന്നിട്ടുള്ളത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ് (79).

Read More: സ്ത്രീകളും കുട്ടികളും സൂക്ഷിക്കുക, ഇത് കേരളമാണ്

തെരുവില്‍ മാത്രമല്ല വീടുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വിവരമാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. ദിനം പ്രതി നിരവധി ഗാര്‍ഹിക പീഡനക്കേസുകളാണ് കോടതിക്കു മുന്നില്‍ എത്തുന്നതെന്ന് അഡ്വ. മിനി ഫ്രാന്‍സിസ് പറഞ്ഞു. സാമ്പത്തിക ഭദ്രതയില്ലാത്തവരാണ് പരാതിക്കാരില്‍ ഭൂരിഭാഗം സ്ത്രീകളും. ഒരു നിവൃത്തിയുമില്ലാതാകുമ്പോള്‍ സംരക്ഷണത്തിനായി നിയമത്തെ ആശ്രയിക്കുന്നവരിൽ യുവതികളാണ് കൂടുതലും. 20-30 നും ഇടയില്‍ പ്രായമുള്ളവരാണ് പരാതിക്കാരില്‍ അധികവും. പലരും അതി കഠിനമായ മാനസിക പീഡനങ്ങള്‍ക്കിരയാവുന്നവരാണ്. വിദ്യാസമ്പന്നരും അല്ലാത്തവരും ഗാര്‍ഹിക പീഡനത്തിന്റെ ദുരനുഭവങ്ങളുമായി നീതി പീഠത്തെ സമീപിക്കുന്നുണ്ട്. വിരോധം തീര്‍ക്കാനായി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കുന്നവരുമുണ്ടെന്നും മിനി പറഞ്ഞു.

റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മാത്രമാണ് രേഖകളിലുള്ളത്. ഇവയ്ക്കുപുറമേ ആരുമറിയാതെ നാലു ചുവരുകള്‍ക്കുള്ളില്‍ സ്ത്രീ ജീവിതങ്ങള്‍ എരിഞ്ഞടങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Women molestation cases registerd three thousand yearly in kerala