രാജാക്കാട്: ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ വീട്ടില്‍ റിജോഷിന്റെ (37) മൃതദേഹമാണ് പുത്തടിക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. റിസോർട്ടിനു പിന്നിലുള്ള ഫാം പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റിജോഷിന്റെ വീടിന്റെ അടുത്തുതന്നെയാണ് ഈ റിസോര്‍ട്ട്.
റിജോഷിനെ ഭാര്യയും റിസോർട്ടിന്റെ മാനേജരായ കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായാണ് സൂചന. റിജോഷിന്റെ ഭാര്യ ലിജി (29), റിസോർട്ടിന്റെ മാനേജർ തൃശൂർ സ്വദേശി വസിം (31) എന്നിവരാണ് സംശയനിഴലിലുള്ളത്.
Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
കഴിഞ്ഞ മാസം 31-ാം തീയതിയാണ് റിജോഷിനെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തന്നെ ഭാര്യ ലിജി ശാന്തന്‍പാറ പൊലീസിനു പരാതി നല്കി. ഈ പരാതി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. നവംബര്‍ നാലിനു റിജോഷിന്റെ ഭാര്യ ലിജിയെയും റിസോര്‍ട്ട് മാനേജര്‍ വസിമിനെയും കാണാതായി. ഇതോടെയാണ് ബന്ധുക്കള്‍ സംശയമുന്നയിച്ചത്.
റിസോര്‍ട്ടിനു പിന്നിലായി ഒരു ഫാമുണ്ട്. ഈ ഫാമില്‍ ഒരു ഭാഗത്തു മണ്ണ് കൂട്ടിയിട്ടിട്ടുള്ളതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ മണ്ണുമാറ്റി നോക്കിയപ്പോൾ റിജോഷിന്റെ മൃതദേഹം ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നവംബര്‍ നാലിനു കാണാതായ ലിജിയെയും വസിമിനെയും കുമളിയില്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.