തൃശൂര്‍: വനിതാ സഹപ്രവര്‍ത്തകയോട് സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം.രാധാകൃഷ്ണനെ പിന്തുണച്ച കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധം. തൃശൂരില്‍ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയന്‍ സമ്മേളനത്തിലാണ് വി മുരളീധരൻ എം.രാധാകൃഷ്ണനെ പിന്തുണച്ച് സംസാരിച്ചത്. ഇതിനു പിന്നാലെ വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയെ വനിതാ മാധ്യമപ്രവർത്തകർ തടഞ്ഞുവച്ചു.

Read Also: മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല; എന്റെ പേര് രാഹുല്‍ ഗാന്ധി

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മുരളീധരന്‍ പറഞ്ഞിരുന്നു. ചിലർ ചെയ്യുമ്പോൾ തെറ്റും ചിലർ ചെയ്യുമ്പോൾ ശരിയും ആകരുതെന്നും നിഷ്‌പക്ഷത വേണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചത്.

മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയത്. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. രാധാകൃഷ്ണനെ ഇയാൾ ജോലിചെയ്യുന്ന സ്ഥാപനം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പരാതിക്കാരിക്കെതിരേ അപവാദ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ബന്ധപ്പെട്ട മാധ്യമസ്ഥാപനം സര്‍ക്കുലറിലൂടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് എല്ലാവരും മാനസിക പിന്തുണ നല്‍കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.