തിരുവനനന്തപുരം: മംഗളം ചാനലിന്റെ തിരുവനന്തപുരം ഓഫിസിലേക്ക് വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. മാപ്പല്ല, മാന്യതയാണ് വേണ്ടതെന്നും മംഗളത്തിന് മാപ്പില്ലെന്നുമുളള മുദ്രാവാക്യം വിളികളുമായാണ് മാധ്യമപ്രവർത്തകർ പ്രകടനം നടത്തിയത്. വനിതാ മാധ്യമ പ്രവർത്തകരുടെ സംഘടനയായ നെറ്റ്‌വർക്ക്‌ ഓഫ്‌ വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

എ.കെ.ശശീന്ദ്രനെ കുടുക്കിയത് സ്റ്റിങ് ഓപ്പറേഷൻ തന്നെയാണെന്ന് ഇന്നലെ ചാനൽ സിഇഒ ആർ.അജിത് കുമാർ വ്യക്തമാക്കിയിരുന്നു. ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മ അല്ലെന്നും ചാനലിലെ വനിതാ മാധ്യമപ്രവർത്തകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല സംഭവത്തിൽ മാപ്പു പറയുകയും ചെയ്തു. കെണിയൊരുക്കിയതിൽ മറ്റാർക്കും പങ്കില്ലെന്നും മാധ്യമ പ്രവർത്തക അവരുടെ ഇഷ്ടപ്രകാരം ചെയ്തതാണെന്നും ആരും ഇതിനായി അവരെ നിർബന്ധിച്ചിട്ടില്ലെന്നും അജിത് കുമാർ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ചാനലിനെതിരെയുളള പ്രതിഷേധം വീണ്ടും ശക്തമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ