തിരുവനന്തപുരം: ഓരോ സംഭവങ്ങൾ ഉണ്ടാകുന്പോഴും അതിനു പിന്തുണയേകി ഫെയ്സ്ബുക്കിൽ ക്യാംപയിനുകൾ നടക്കാറുണ്ട്. ഇത്തവണ വളരെ വ്യത്യസ്തമായൊരു ക്യാംപയിനാണ് ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നത്. വനിതാ മാധ്യമപ്രവർത്തകരാണ് ഈ ക്യാംപയിനു പിന്നിൽ. മാധ്യമ പ്രവർത്തകയെ കരുവാക്കി എ.കെ.ശശീന്ദ്രനെ ഫോൺകെണിയിൽ കുടുക്കിയ മംഗളം ചാനലിനെതിരെയാണ് വനിതാ മാധ്യമപ്രവർത്തകരുടെ ക്യാംപയിൻ. മാധ്യമപ്രവർത്തകയായതിൽ അഭിമാനിക്കുന്നുവെന്നുളള ക്യാംപയിനു ഇന്നു രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് തുടക്കമിട്ടത്. #proudtobeajournalist എന്ന ഹാഷ് ടാഗിലാണ് ക്യാംപയിൻ പ്രചരിക്കുന്നത്. ഓപ്പൺ മാഗസിൻ അസി.എഡിറ്റർ കെ.കെ.ഷാഹിന, മാതൃഭൂമി ന്യൂസിലെ എ.പി.ഭവിത, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ പ്രിയ തുടങ്ങി നിരവധി പേർ ഇതിനകംതന്നെ ക്യാംപയിനിൽ പങ്കെടുത്തു കഴിഞ്ഞു.

ഷാഹിന നഫീസ

മാധ്യമ പ്രവർത്തക സ്വമേധയാ ഏറ്റെടുത്തതാണ്. മറ്റാരും ഇതറിഞ്ഞില്ല “മിസ്റ്റർ അജിത് കുമാർ, ആ പെൺകുട്ടിയെ കൊലക്ക് കൊടുത്ത് രക്ഷപ്പെടാമെന്ന് കരുതരുത്. അത് നടക്കാൻ പോകുന്നില്ല. തുടക്കക്കാരിയായ ഒരു പെൺകുട്ടിയെ ബലി കൊടുത്ത് ഒരു ചാനൽ സാമ്രാജ്യവും നിങ്ങളിവിടെ കെട്ടിപ്പൊക്കാൻ പോകുന്നില്ല. ഞങ്ങൾ സ്ത്രീകളുടെ അതിജീവന സമരമാണിത്. അതിന്റെ ചൂട് നിങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂവെന്നാണ് കെ.കെ.ഷാഹിന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കൃഷ്ണ പ്രിയ

ചാനലിന്റെ റേറ്റിങ്ങിനുവേണ്ടി നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഏറ്റവും കൂടുതൽ ബാധിക്കുക വനിതാ മാധ്യമപ്രവർത്തകരെയാണ്. സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികൾ തടഞ്ഞില്ലെങ്കിൽ ഇതു വീണ്ടും ആവർത്തിക്കും. ഇതു തടയുക എന്ന ലക്ഷ്യം കൂടി ക്യാംപയിനുണ്ടെന്ന്  കെ.കെ.ഷാഹിന ഐഇ മലയാളത്തോട് പറഞ്ഞു. ചാനലിലെ മാധ്യമപ്രവർത്തക സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തമാണിതെന്നാണ് ചാനൽ സിഇഒ അജിത് കുമാർ പറഞ്ഞത്. അങ്ങനെ ഒരു വനിതാ മാധ്യമപ്രവർത്തകയുടെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാമെന്നു കരുതരുതെന്നും ഷാഹിന പറയുന്നു.

സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് നിവേദനം നൽകും. മംഗളത്തിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകരെ നിബന്ധിച്ച് യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിക്കുന്നുണ്ടോയെന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഷാഹിന പറഞ്ഞു.

ഭവിത

മംഗളം ചാനൽ ഓഫിസിലേക്ക് വനിതാ മാധ്യമപ്രവർത്തകരുടെ മാർച്ച് ഇന്ന് നടക്കുന്നുണ്ട്.  ചാനൽ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുന്നതിനെരെ ക്യാംപെയിൽ നടത്തുന്നവരോട് ഇതാദ്യമായല്ല കേരളത്തിലെ വനിതാ ജേണലിസ്റ്റുകൾ മാധ്യമസ്ഥാപനങ്ങളിലേക്ക് മാർച്ചു നടത്തുന്നതെന്ന് ഷാഹിന തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. സൂര്യനെല്ലി പെൺകുട്ടിയെ കുറിച്ച് അപകീർത്തികരമായ വാർത്തകൾ കൊടുത്തതിന്റെ പേരിൽ 1997 ൽ ഒരു കൂട്ടം വനിതാ ജേണലിസ്റ്റുകൾ കേരള കൗമുദി ഓഫിസിലേക്ക് മാർച്ച് നടത്തുകയും അവരുടെ ഓഫിസിന്റെ മുന്നിൽ പത്രം കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തിട്ടുണ്ട് . ഇതേ വിഷയത്തിൽ മനോരമയുടെ ഓഫിസിലേക്കും മാർച്ചു നടത്തിയിട്ടുണ്ട്. ഒരു വനിതാ ജേർണലിസ്റ്റിനെ കുറിച്ച് അപകീർത്തി കരമായ രീതിയിൽ വാർത്ത നൽകിയതിന് നമ്മൾ ഒരു പത്തു പന്ത്രണ്ടു പേർ കേരളകൗമുദി പത്രമാഫിസിലേക്കു പ്രകടനമായി കയറി ചെന്ന് മണി സാറിനെ കണ്ടു പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ഷാഹിന പറയുന്നു.

ദീപ മഠത്തിൽ

മന്ത്രിയെ ഫോൺകെണിയിലൂടെ വനിതാ മാധ്യമപ്രവർത്തക കുടുക്കിയതാണെന്നുള​ള ആരോപണം തുടക്കത്തിൽതന്നെ ഉയർന്നിരുന്നു. എന്നാൽ മംഗളം ചാനൽ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. ഇതിന്റെ പേരിൽ വനിതാ മാധ്യമപ്രവത്തകർക്ക് ഒന്നടങ്ങം  അപകീർത്തി നേരിടേണ്ടി വന്നു. എന്നാൽ ശശീന്ദ്രനെ കുടുക്കിയത് സ്റ്റിങ് ഓപ്പറേഷൻ തന്നെയാണെന്ന് ഇന്നലെ ചാനൽ സിഇഒ അജിത് കുമാർ ഏറ്റു പറഞ്ഞു. ശശീന്ദ്രനുമായി സംഭാഷണം നടത്തിയത് വീട്ടമ്മ അല്ലെന്നും ചാനലിലെ വനിതാ മാധ്യമപ്രവർത്തകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക സ്വമേധയാ ഏറ്റെടുത്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല സംഭവത്തിൽ ചാനൽ മാപ്പു പറയുകയും ചെയ്തു. എന്നാൽ മാധ്യമപ്രവർത്തകയെ മാത്രം തെറ്റുകാരിയാക്കി രക്ഷപ്പെടാനുള്ള ചാനൽ നീക്കത്തിനെതിരെ പല കോണിൽനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ