കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ തൊഴിലിടത്തെ ലൈംഗികാതിക്രമ വിഷയങ്ങൾ പരിഗണിക്കുന്നതിനായുളള കമ്മിറ്റി രൂപീകരിക്കാനായുളള  വിശാഖ മാർഗനിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമാ കലക്ടീവ് ഹൈക്കോടതിയെ സമീപിച്ചു.

വിശാഖ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ  നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡബ്ലിയു സി സി ഹൈക്കോടതിയെ സമീപിച്ചത്. പത്മപ്രിയ, റിമാ കല്ലിങ്കൽ എന്നിവരാണ് ഡബ്ലിയു സി സിയ്ക്ക് വേണ്ടി കോടതിയെ സമീപിച്ചിട്ടുളളത് എന്നറിയുന്നു. കേരള സർക്കാരാണ് എതിർ കക്ഷി

ഈ ആവശ്യം നേരത്തെ താരസംഘടനയായായ അംഗങ്ങളും കൂടിയായ ഡബ്ലിയു സി സി അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ എ എം എം എ യ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.​എന്നാൽ അതിലുൾപ്പടെ ഒരു വിഷയത്തിലും നടപടി സ്വീകരിക്കാത്ത താരസംഘടനയ്ക്കെതിരെ ഡബ്ലിയു സി സി പ്രവർത്തകർ പരസ്യമായി രംഗത്തെത്തി.

ഇതിനെ തുടർന്ന് പ്രതികരിച്ച എ എം എം എ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖ് സിനിമാ മേഖലയിൽ ലൈംഗികാതിക്ര പരാതി പരിഹാര സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചിരുന്നു.​ ഇതിന് പിന്നാലെയാണ് ഡബ്ലിയു സി സി വിശാഖാ മാര്‍ഗ നിർദേശം ഈ മേഖലയിൽ നടപ്പാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു തന്റെ സിനിമാ നിർമ്മാണ മേഖലയിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിനെയും സിദ്ധിഖ് പരിഹസിച്ചിരുന്നു.

നേരത്തെ ബോളിവുഡിലെ സിനിമാ സംഘടനകൾ വിശാഖ മാർഗരേഖകൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മീടൂ ക്യാംപെയിൻ ശക്തമായ പശ്ചാത്തലത്തിലാണ് ബോളിവുഡിൽ നിന്നും ഈ പ്രഖ്യാപനം ഉണ്ടായത്. കേരളത്തിൽ യുവ നടി ക്വട്ടേഷൻ ലൈംഗികാക്രമണത്തിന്  ഇരയാകുകയും ആ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ  സജീവ ചർച്ചാ വിഷയം ആയി മാറിയത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ആ സംഭവത്തിന് ഒന്നര വർഷം കഴിഞ്ഞിട്ടും മലയാളത്തിലെ സിനിമാ മേഖലയിൽ സ്ത്രീ സുരക്ഷയ്ക്ക് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമാ മേഖലയിലെ അർച്ചനാ പത്മിനി, ദിവ്യ ഗോപിനാഥ് എന്നിവർ തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.