തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ തങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് വിമണ്‍ കളക്ടീവ് പറഞ്ഞു.

പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് തങ്ങൾ കേട്ടതെന്നും വിമണ്‍ കളക്ടീവ് പറഞ്ഞു.

“മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർത്ഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും’, വിമണ്‍ കളക്ടീവ് അറിയിച്ചു.

നേരത്തേ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ സെന്‍കുമാര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. ഇതേ അഭിമുഖത്തിനിടെ ആക്രമിക്കപ്പെട്ട നടിക്കെതിരേയും മുന്‍ ഡിജിപി രൂക്ഷമായ വാക്കുകള്‍ പ്രയോഗിച്ചെന്നാണ് ആരോപണം. അഭിമുഖത്തിനിടെ ഫോണ്‍ വിളിച്ചയാളോടാണ് നടിയെ കുറിച്ച് സെന്‍കുമാര്‍ മോശമായ രീതിയില്‍ സെന്‍കുമാര്‍ സംസാരിച്ചതെന്നാണ് ആരോപണം. ഇതിന്റെ ഓഡിയോ ക്ലിപ്പുകളിലെ വിവരങ്ങള്‍ പുറത്തായതോടെയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നിയമനടപടി സ്വീകരിക്കുന്നതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ