കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്കെതിരായി പീഡനശ്രമം നടന്നുവെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി നടി രേവതി. ഈ സംഭവം നടന്നത് 26 വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നും പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും രേവതി അറയിച്ചു.

Read More: തട്ടിയുണര്‍ത്തി വനിതാ കൂട്ടായ്‌മ; ചലച്ചിത്ര സംഘടനകള്‍ അടിയന്തര യോഗം ചേര്‍ന്നേക്കും

‘അന്നുരാത്രി 11.30യോടെയാണ് 17 വയസുള്ള ആ പെണ്‍കുട്ടി എന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടി രക്ഷിക്കണമെന്നു പറഞ്ഞത്. ഞാന്‍ അവളെ അകത്തേക്കു വിളിച്ചു. അവളും മുത്തശ്ശിയും താമസിക്കുന്ന മുറിയുടെ വാതിലില്‍ ആരോ വന്ന് മുട്ടി വാതില്‍ തുറക്കാന്‍ പറഞ്ഞുവെന്ന് അവളെന്നോട് പറഞ്ഞു. പേടികാരണമാണ് അവള്‍ ഓടി എന്റെ മുറിയിലേക്ക് വന്നത്. അന്നുരാത്രി ഞങ്ങള്‍ രണ്ടുപേരും പേടിച്ചുകൊണ്ടാണ് കഴിച്ചുകൂട്ടിയത്. ലൈംഗിക പീഡിനമോ ശാരീരിക പീഡനമോ നടന്നിട്ടില്ല. ആ സംഭവം ഇക്കാലമത്രയും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പറയുമ്പോള്‍ ഈ സംഭവംകൂടി പറയണം എന്നെനിക്കു തോന്നി. ഇങ്ങനെ ഒരു സംഭവം നടക്കുമ്പോള്‍ മുന്നോട്ട് വന്ന് തുറന്നുപറയാന്‍ ആരും ഭയപ്പെടരുത്. ‘നോ എന്നാല്‍ നോ’ എന്നുതന്നെയാണെന്ന് മറ്റുള്ളവര്‍ മനസിലാക്കണം. ഇത്തരം സ്വഭാവങ്ങള്‍ ക്ഷമിക്കാന്‍ ഞങ്ങള്‍ക്കാകില്ല. അന്ന് ആ പ്രായത്തില്‍ രാത്രി പുറത്തുണ്ടായിരുന്നവരോട് പോയി ഇതേക്കുറിച്ച് ചോദ്യം ചെയ്യാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഒരുപാടുപേര്‍ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിക്കുന്നതുകൊണ്ട് ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ടെന്ന് തോന്നി. നന്ദി,’ രേവതി പ്രസ്താവനയില്‍ പറയുന്നു.

Read More: 17കാരിക്കെതിരായ പീഡനശ്രമം മറച്ചുവച്ചു: രേവതിക്കെതിരെ പൊലീസില്‍ പരാതി

ഇന്നലെ കൊച്ചിയില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി തന്റെ മുറിയുടെ വാതിലില്‍ മുട്ടിയിരുന്നുവെന്നും അത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.

എന്നാല്‍ പീഡനവിവരം മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജിയാസ് ജമാല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ രേവതിക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വിവരം മറച്ചുവച്ച രേവതിക്കെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.