കൊച്ചി: ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നും വിമണ്‍​കളക്ടീവ് അറിയിച്ചു.

“അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്. പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്,” വിമണ്‍ കളക്ടീവ് അറിയിച്ചു.

മലയാള സിനിമ മേഖലയില്‍ ലൈംഗിക പീഡനമോ ചൂഷണമോ ഇല്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നേരത്തേ രംഗത്തെത്തിയിരുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ സ്വാഗതം ചെയ്ത ഇന്നസെന്റിന്റെ നിലപാടിനോട് നന്ദി അറിയിക്കുന്നതായും അതേസമയം ചലച്ചിത്രമേഖല ലൈംഗിക പീഡന വിമുക്തമാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് തങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നതായും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പാര്‍വതിയേയും ലക്ഷ്മി റായിയേയും പോലെയുള്ള നടിമാര്‍ പറഞ്ഞിട്ടുള്ള കാര്യവും വിമണ്‍ കളക്ടീവ് ചൂണ്ടിക്കാട്ടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.