തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. എംഎല്‍എ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച ഗണേഷ് കുമാറിന്റെ നടപടി പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ഡബ്ല്യൂസിസി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത് കാലത്ത് കൈവിടരുതെന്നും ഗണേഷ് പറഞ്ഞു. ഒരാളെ കോടതി കുറ്റവാളിയാണെന്ന് പറയുംവരെ ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ എംഎല്‍എയ്‌ക്കെതിരെ പൊലീസും രംഗത്തെത്തിയിരുന്നു. ഗണേഷിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണ്. ജയിലില്‍ സിനിമാക്കാര്‍ കൂട്ടമായെത്തിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ