കൊച്ചി: ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന തരത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നത് സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ സിനിമയിലും ഉളളത് കൊണ്ടാണെന്ന് വിമണ്‍ കളക്ടീവ് വ്യക്തമാക്കി.

“നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്,” വിമണ്‍ കളക്ടീവ് കൂട്ടിച്ചേര്‍ത്തു.

“എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത പുലര്‍ത്തണമെന്നും വിമണ്‍ കളക്ടീവ് ആവശ്യപ്പെട്ടു.

സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ പത്രസമ്മേളനത്തില്‍ ഇന്നസെന്റ് പ്രതികരിച്ചിരുന്നു. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു.

സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.