കൊച്ചി: പറവൂരില്‍ വീടിനു തീപിടിച്ചു മരിച്ചതു പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ(25) ആണെന്ന നിഗമനത്തില്‍ പൊലീസ്. കൊലപാതകമാണെന്നാണു പൊലീസ് സംശയിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് കാണാതായതെന്നു കരുതുന്ന ശിവാനന്ദന്റെ ഇളയ മകള്‍ ജിത്തു(22)വിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചില്‍ തുടരുകയാണ്.
മരിച്ചതു വിസ്മയ ആണെന്നാണു വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്. പൂര്‍ണമായി കത്തിക്കരിച്ച മൃതദേഹത്തില്‍ അവശേഷിച്ച ലോക്കറ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനായാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ. പെണ്‍കുട്ടിയെ കണ്ടെത്തുന്നതു വൈകിയാല്‍, ഡിഎന്‍എ പരിശോധന നടത്തി മരിച്ചത് ആരാണെന്ന് ഉറപ്പിക്കാനാണു പൊലീസ് തീരുമാനം. ഇതിനായുള്ള സാംപിളുകള്‍ പൊലീസ് കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.
ഇന്നലെ വൈകിട്ടു മൂന്നോടെയാണു വീടിനു തീപിടിച്ചത്. രണ്ടു മുറികള്‍ പൂര്‍ണമായി കത്തിനശിച്ചു. പൊലീസിനെയും ഫയര്‍ഫോഴ്സുമെത്തി തീയണച്ചശേഷം നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പോയതായിരുന്നു.
Also Read: മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം
ഉച്ചയ്ക്കു പന്ത്രണ്ടോടെ ഇവരെ മൂത്തമകള്‍ വിസ്മയ ഫോണില്‍ വിളിച്ച് എപ്പോള്‍ വരുമെന്നു തിരക്കിയിരുന്നു. രണ്ടുമണിക്ക് വീണ്ടും വിളിച്ച് വീട്ടില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ സംസാരിച്ചു. മൂന്നോടെ വീട്ടില്‍നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.
വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികളുണ്ടായിരുന്നു.
കാണാതായ യുവതി പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് പോയതെന്നാണു പൊലീസിന്റെ നിഗമനം. വീടിന്റെ ചുറ്റിലുമായി ആറ് സിസിടിവികളുണ്ട്. ഇതിലൊന്നും യുവതി രക്ഷപ്പെടുന്ന ദൃശ്യങ്ങളില്ല. വഴിയരികിലുള്ള മറ്റു സിസിടിവി ക്യാമറകളില്‍ യുവതി ഓടിപ്പോകുന്നത് പതിഞ്ഞിട്ടുണ്ട്. ഇത് ആരാണെന്നതു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നില്ലെന്നാണു പൊലീസ് പറയുന്നത്.
Also Read: ‘പെൺകുട്ടികൾക്ക് ഇതിനു കഴിയില്ല, കൊന്നത് സഹോദരനും മകനും’; വയനാട്ടിൽ കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ
കാണാതായ യുവതിയുടെ കൈവശമുണ്ടെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ഏറ്റവുമൊടുവില്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷനാണു കാണിച്ചത്. എന്നാല്‍ ഫോണ്‍ ഓഫായതിനാല്‍ പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല.
ശിവാനന്ദന്, ഭാര്യ ജിജി, മക്കളായ വിസ്മയ, ജിത്തു എന്നിവരാണു തീപിടിച്ച വീട്ടില്‍ താമസിച്ചിരുന്നത്. വാഹനത്തില്‍ കൊണ്ടുപോയി മീന്‍ വില്ക്കുന്നതാണു ശിവാനന്ദന്റെ തൊഴില്‍. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.