പമ്പ: ഭക്തരുടെ വികാരം മനസ്സിലാക്കി യുവതികൾ ശബരിമലയിലേക്ക് വരരുതെന്നാണ് അഭ്യർത്ഥനയെന്ന് തന്ത്രി കണ്ഠരര് രാജീവരര്. സുപ്രീം കോടതി വിധി അനുസരിച്ച് യുവതികൾ ശബരിമലയിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഭക്തരുടെ വികാരം മാനിക്കണം. സ്ത്രീകളെ ബഹുമാനത്തോടെ കാണുന്ന ഇടമാണ് ശബരിമല. 10 വയസ്സിനു താഴെയും 50 വയസ്സിനു മുകളിലുമുളള സ്ത്രീകൾ വരുമ്പോൾ അവരെ മാളികപ്പുറത്തമ്മ എന്ന പേരിലാണ് അഭിസംബോധന ചെയ്യുന്നത്. അത്ര ബഹുമാനം കൊടുക്കുന്ന സ്ഥലമാണ് ശബരിമലയെന്നും തന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സമരത്തിന്റെ പേരിൽ അക്രമം പാടില്ല. ശബരിമലയുടെ പേര് മോശമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ശബരിമലയിൽ കലാപം ഉണ്ടാക്കരുത്. കലാപം ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. നാമജപഘോഷയാത്രയ്ക്ക് എത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നില്ല. നാമജപഘോഷയാത്രയെ സമരമായി കണക്കാക്കുന്നില്ലെന്നും തന്ത്രി പറഞ്ഞു.

സ്ത്രീകൾ കയറിയാൽ ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ല. അഞ്ചു ദിവസം നട തുറന്ന് പൂജ നടത്തുകയെന്നത് ആചാരത്തിന്റെ ഭാഗമാണ്. ശുദ്ധി കർമ്മങ്ങൾക്കായി കുറച്ചു സമയത്തേക്ക് നട അടച്ചിടാം. അല്ലാതെ മറ്റെന്തിലും പ്രശ്നങ്ങളാൽ നട അടച്ചിടാൻ കഴിയില്ലെന്നും തന്ത്രി പറഞ്ഞു.

സ്ത്രീകൾ കയറിയാൽ ശബരിമല അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്ത്രിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.