കൊച്ചി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സിനിമാ നിർമാണത്തിന് രണ്ട് വനിതാ സംവിധായകരെ തിരഞ്ഞെടുത്ത ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ വിദ്യ മുകുന്ദനും മറ്റും സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. വനിതാ സംവിധായകരെ തിരഞ്ഞെടുത്ത നടപടി സിംഗിൾ ബഞ്ച് നേരത്തെ ശരിവച്ചിരുന്നു.
വിജ്ഞാപനത്തിന് വിരുദ്ധമായി മാനദണ്ഡം ലംഘിച്ചാണ് കോർപറേഷൻ വനിതാ സംവിധായകരെ തിരഞ്ഞെടുത്തതെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ജൂറിയാണ് സംവിധായകരെ തിരഞ്ഞെടുത്തതെന്ന കോർപറേഷന്റെ വാദം കോടതി അംഗീകരിച്ചു.
Read Also: ഇനി കുറച്ചുനാൾ നയൻതാര വെജിറ്റേറിയൻ; കാരണം ഇതാണ്
ഹർജിക്കാർക്ക് മുൻവിധി വേണ്ടെന്നും യോഗ്യതയാണ് ജൂറി പരിഗണിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് കഴിഞ്ഞ ദിവസം ഹർജി തള്ളിയത്. മൂന്നു കോടി ചെലവിൽ രണ്ട് സിനിമകൾ നിർമിക്കാൻ താരാ രാമാനുജം, ഐജി മിനി എന്നിവരെ തിരഞ്ഞെടുത്ത നടപടിയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
സബ് കമ്മിറ്റിയും ഡയറക്ടർ ബോർഡും തിരഞ്ഞെടുപ്പ് നടത്താതെ ജൂറി തിരഞ്ഞെടുപ്പ് നടത്തിയത് വിജ്ഞാപനത്തിന് വിരുദ്ധമാണന്നായിരുന്നു ആരോപണം. സംവിധായകരുടെ വൈദഗ്ധ്യം കണക്കിലെടുക്കാതെ തിരക്കഥ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഒന്നരക്കോടി വീതമാണ് രണ്ട് സിനിമകൾക്കും അനുവദിച്ചത്.