കൊച്ചി: ശബരിമലയിലേക്ക് പോകാൻ വ്രതമെടുത്ത കണ്ണൂർ ചെറുകുന്ന് സ്വദേശിനിയായ രേഷ്മ നിശാന്തിന് നേരെ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ആക്രമണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസിൽ പരാതിപ്പെടുമെന്ന് രേഷ്മയുടെ ഭർത്താവ് നിഷാന്ത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ഞങ്ങൾ ഇരുവരുടെയും ഫെയ്ബുക്ക് അക്കൗണ്ടുകളിൽ ആക്രമണം നടക്കുന്നുണ്ട്. ഭീഷണിയും അസഭ്യവർഷങ്ങളുമാണ് ഉളളത്. ഇന്നലെ വൈകിട്ട് ഞങ്ങൾ രേഷ്മയുടെ കണ്ണപുരം അയ്യോത്തുളള വീട്ടിൽ പോയിരുന്നു. അവിടെ ചിലരെത്തി മുദ്രാവാക്യം വിളിച്ചുപോയി,” നിഷാന്ത് പറഞ്ഞു.

രേഷ്മ ഒറ്റയ്ക്കല്ലെന്നും കൂടെ വിശ്വാസികളായ മറ്റ് ചിലരും ശബരിമലയിലേക്ക് പോകുമെന്ന് നിഷാന്ത് പറഞ്ഞു. “രേഷ്മയ്ക്ക് ഒപ്പം മറ്റ് നാല് സ്ത്രീകൾ കൂടി ശബരിമല സന്ദർശനത്തിനായി വ്രതം നോക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭീഷണികളെ ഭയന്ന് പേര് വിവരം വെളിപ്പെടുത്താത്തതാണ്. ഇവരും ശബരിമല സന്ദർശിക്കും,” നിഷാന്ത് വിശദീകരിച്ചു.

“ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്നും, വീട്ടിൽ നിന്നും അതിനായി പോയാൽ ജീവനടോ തിരികെ വരില്ലെന്നുമുളള ഭീഷണിയാണ് ഉണ്ടാകുന്നതെന്ന്” രേഷ്മ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “എന്റെ പ്രൊഫൈലിൽ ഭീഷണിയൊന്നും ഞാൻ കണ്ടില്ല എന്നാൽ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലാണ് അങ്ങേയറ്റം അസഭ്യമായ സന്ദേശങ്ങളാണ് തനിക്കെതിരെ വരുന്നതെ”ന്ന് രേഷ്മ പറഞ്ഞു.

“ശാരീരികവും മാനസികവുമായ അസഭ്യങ്ങളിലൂടെയാണ് താക്കീതിന്റെ സ്വരത്തിലുളള ഈ മെസേജുകളിൽ. അത് സ്ത്രീകളാണോ പുരുഷന്മാരാണോ എന്നൊന്നും അറിയില്ല. അവരാരാണ് എന്ന് ഇതുവരെ പരിശോധിച്ചില്ല.” സൈബർ ആക്രമണത്തിനെതിരെ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകുന്നതിനിടയിൽ രേഷ്മ പറഞ്ഞു.

കണ്ണൂരിൽ സെൽഫ് ഫിനാൻസിങ് കോളേജിൽ താത്കാലിക അദ്ധ്യാപികയാണ് രേഷ്മ. ശബരിമലയിലേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്നലെയാണ് രേഷ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. താനൊരു വിശ്വാസിയും എല്ലാ മണ്ഡലകാലത്തും വ്രതം നോൽക്കാറുണ്ടെന്നും വ്യക്തമാക്കിയായാണ് ഇവർ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.

“പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടി വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്. പക്ഷേ, കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. ആർത്തവം ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായാണ് താൻ കാണുന്നത്. ഇക്കാരണത്താൽ പൂർണ ശുദ്ധിയോടു കൂടി വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസം,” രേഷ്‌മ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ