തിരുവനന്തപുരം: പേരൂർക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരൂർക്കട സ്വദേശി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽനിന്നും തീ ഉയരുന്നതായി കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. എന്നാൽ നിലവിളി ശബ്ദമൊന്നും കേട്ടില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലപ്പെട്ട ദീപയുടെ ഭർത്താവ് ഗൾഫിലാണ്. മകനും ദീപയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹം കണ്ട വിവരം ഇന്ന് ഉച്ചയോടെ മകനാണ് പൊലീസിൽ അറിയിച്ചത്. ഇന്നലെ അമ്മയെ കാണാതായിട്ട് എന്തുകൊണ്ട് പൊലീസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ല എന്നതാണ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കാരണം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ നന്തൻകോടിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും മകൻ കൊലപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ ഒമ്പതിനാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ മകൻ കാഡൽ ജീൻസൺ രാജയെ പൊലീസ് പിടികൂടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.