തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്തുനിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. കോവളത്തുനിന്ന് കാണാതായ ലാത്‌വിയൻ സ്വദേശിനിയായ ലിഗ (33)യുടേതാണ് മൃതദേഹമെന്ന സംശയത്തിലാണ് പൊലീസ്. അതേസമയം, ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽകാട്ടിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിദേശികൾ ധരിക്കുന്ന വസ്ത്രമാണ് മൃതദേഹത്തിലുളളത്. ഇതാണ് മൃതദേഹം കാണാതായ ലിഗയുടേതാണെന്ന സംശയത്തിന് കാരണം.

കഴിഞ്ഞ മാസം 14 നാണ് ലാത്‌വിയ സ്വദേശിയായ ലിഗയെ കാണാതായത്. ആയുർവേദ ചികിൽസയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തിൽ എത്തിയത്. പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ​ ഡിപ്രഷന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ ഓട്ടോയിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലിഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു. ലിഗയെ കാണാതായതോടെ ഭർത്താവ് ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും കാസർകോട് നിന്ന് തിരുവനന്തപുരം വരെ സഞ്ചരിച്ച് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ പാതയോരത്ത് പതിപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ