പറവൂർ: യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ ഐഎസ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ്‌പി എ.വി.ജോർജ്. ഒളിവിലുളള മുഖ്യപ്രതി മുഹമ്മദ് റിയാസിനായി അന്വേഷണം തുടരുകയാണെന്നും എസ്‌പി വ്യക്തമാക്കി. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പറവൂർ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ്.

ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. 2014 ൽ ബെംഗളൂരുവിൽ പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെട്ടത് രഹസ്യമായി ചിത്രീകരിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തി യുവതിയെ മതംമാറ്റത്തിന് പ്രേരിപ്പിച്ചു. പിന്നീട്​ മാതാപിതാക്കൾ യുവതിയെ ഗുജറാത്തിലേക്ക്​ കൊണ്ടുപോയി. തുടർന്ന് റിയാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. കോടതിയിലെത്തിയ യുവതി റിയാസിനൊപ്പം പോകണമെന്ന് പറഞ്ഞു. അതിനുശേഷം ഇരുവരും റിയാസിന്റെ ബന്ധുവായ ഫയാസിന്റെ വീട്ടിലും മാഞ്ഞാലിയിലെ വാടക വീട്ടിലും താമസിച്ചു. പിന്നീടാണ് സന്ദർശന വീസയിൽ സൗദിയിലേക്ക് പോയത്.

സൗദിയിൽനിന്നും സിറിയയിലേക്ക്​ കടത്താൻ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. തുടർന്ന് സൗദിയിലുള്ള സുഹൃത്ത്​ മുഖേനയാണ് ഇന്ത്യയിലേക്ക്​ രക്ഷപ്പെട്ടത്. ഹിന്ദുമതത്തിൽനിന്ന് നിർബന്ധിച്ച് മതംമാറ്റി. വ്യാജ വിവാഹ സർട്ടിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്ക് കൊണ്ടുപോയെന്നും അവിടെനിന്നും സിറിയയിലേക്ക് കടത്താൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ