Latest News

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകള്‍ക്ക് നേരേയുളള അക്രമങ്ങള്‍: കര്‍ശന നടപടിയെടുക്കുമെന്ന് വനിത കമ്മീഷന്‍

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷ പ്രിയയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തം. ഡി.ജി.പി യോട് ഇക്കാര്യത്തില്‍ വനിതാ കമീഷന്റെ നിലപാടറിയിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി

state women's commission adalat

കൊച്ചി: സോഷ്യൽ മീഡിയ വഴി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇത്തരം കേസുകളില്‍ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മീഷന്‍ തീരുമാനങ്ങളെടുക്കും. അടുത്തിടെയായി സോഷ്യൽ മീഡിയകളിലൂടെ സ്തീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടി വരികയാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജോസഫൈന്‍. ഏതു മാധ്യമങ്ങളിലൂടെ ആയാലും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഭാഷ ഏറ്റവും മോശമാണ്. നിലവാരമുള്ള വ്യക്തികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും നീചമായ ഭാഷയാണ് ഇവര്‍ പ്രയോഗിക്കുന്നത്. അടുത്തിടെ ഭിന്നശേഷിയുളള സിവില്‍ എഞ്ചിനീയര്‍ക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയെടുത്തു. ആരെയും ഇക്കൂട്ടര്‍ വെറുതെ വിടുന്നില്ലെന്നതിന് തെളിവാണിത്. സ്ത്രീകളുടെ പരാതി ലഭിച്ചാല്‍ പൊലീസ് ഗൗരവത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷ പ്രിയയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തം. ഡി.ജി.പി യോട് ഇക്കാര്യത്തില്‍ വനിതാ കമീഷന്റെ നിലപാടറിയിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള കേസ് പഠിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കമ്മീഷന്‍ അറിയിച്ചു. കേസ് ജൂണ്‍ 15 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ ഭാവി കൂടി പരിഗണിക്കേണ്ട വിഷയമാണിത്. കേസ് പഠിച്ച ശേഷം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുമിച്ചിരുത്തി സംസാരിക്കും. അതിനു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.

കമ്മീഷനില്‍ വരുന്ന കേസുകളുടെ എണ്ണം കൂടിവരികയാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കമ്മീഷനെ തേടി ജനങ്ങളെത്തുന്നത് കൂടാതെ കമ്മീഷന്‍ ജനങ്ങളിലേക്കിറങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാലുമാസ കാലയളവില്‍ 3000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍ വരെ നീതി തേടി കമ്മീഷനെ സമീപിക്കുന്നുണ്ട്. ഗാര്‍ഹിക പീഢനങ്ങള്‍ കൂടാതെ വ്യത്യസ്തമായ പരാതികളും കമീഷന്റെ അടുത്ത് എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അദാലത്തില്‍ 113 പരാതികള്‍ പരിഗണിച്ചു. 38 കേസുകള്‍ തീര്‍പ്പാക്കി. 46 കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മാറ്റി. 17 കേസുകള്‍ അതാത് വകുപ്പുകളുടെ റിപ്പോര്‍ട്ടിനു വേണ്ടി അയച്ചു. കമ്മീഷന്റെ മെഗാ അദാലത്ത് ഇന്നും (മെയ് 9) തുടരും. രാവിലെ 10ന് വൈഎംസിഎ ഹാളിലാണ് അദാലത്ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women commission to take stern action against social media abusers

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express