കൊച്ചി: വിവാദ പരാമർശങ്ങളുടെ പേരിൽ വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കമ്മിഷൻ അധ്യക്ഷയായി ജോസഫൈനെ നിയമിക്കുന്ന സമയത്ത് അയോഗ്യത ഉണ്ടായിരുന്നില്ല. ഹർജി നിലനിൽക്കണമെങ്കിൽ നിയമന സമയത്ത് അയോഗ്യത ഉണ്ടായിരുന്നിരിക്കണമെന്നും സർക്കാർ വിശദീകരിച്ചു. അങ്ങനെ ഒരു പരാതി ഹർജിക്കാർക്കില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

Read Also: ഹാള്‍ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതല്ലെന്ന് പിതാവ്

‘പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെ’ന്നും ‘പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല’ എന്നുമുള്ള ജോസഫൈന്റെ പ്രസ്താവന കമ്മീഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. ജോസഫൈനെ വനിത കമ്മിഷൻ അധ്യക്ഷ പദവിയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് സമർപ്പിച്ച ഹർജി ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിച്ചത്.

പ്രവർത്തന കാലയളവിൽ യോഗ്യതയില്ലെങ്കിൽ നടപടിയെടുക്കാനുള്ള അധികാരം നിയമനാധികാരിയായ സർക്കാരിനാണ്. അയോഗ്യത ചൂണ്ടിക്കാട്ടി ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും സർക്കാരിന് ഹർജിക്കാർ പരാതി നൽകിയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. സ്ത്രീകളുടെ അന്തസ് ഇടിച്ചുതാഴ്‌ത്തും വിധം കമ്മിഷൻ അധ്യക്ഷയുടെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ അഭിഭാഷക കോടതിയിൽ പറഞ്ഞു.

Read Also: ക്ഷേത്രങ്ങൾ തുറക്കുന്നതിനു പിന്നിൽ മന്ത്രി കടകംപള്ളിയുടെ ആർത്തി: കെ.സുരേന്ദ്രൻ

സ്വതന്ത്രവും നിക്ഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട കമ്മിഷൻ പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമ്മിഷൻ നിയമപ്രകാരം ഉത്തരവാദിത്തം നിർവഹിക്കാത്ത ചെയർപേഴ്‌സണെതിരെ കേസെടുക്കണമെന്നും പാർട്ടിയിൽ സ്വാധീനമുള്ളതിനാൽ സർക്കാരിൽ നിന്ന് നടപടി പ്രതീക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.