തിരുവനന്തപുരം: മോഹൻലാലിനെ പരസ്യമായി വിമർശിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മോഹൻലാലിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അത് അസ്ഥാനത്തായെന്നും ജോസഫൈൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോഹൻലാൽ ഉത്തരവാദിത്വബോധം കാട്ടണം. നടിമാർക്ക് നേരെയുളള സൈബർ ആക്രമണത്തിൽ അത്ഭുതം തോന്നുന്നില്ല. മോഹൻലാൽ ആരാധകരെ നിലയ്ക്ക് നിർത്തണം. നടിമാർക്കെതിരെ അവഹേളനം പാടില്ലെന്ന് മോഹൻലാൽ ഉൾപ്പെടെയുളളവർ പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ദിലീപിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സിനിമ ചെയ്യുന്നതിനെയും എം.സി.ജോസഫൈൻ വിമർശിച്ചു. കുറ്റാരോപിതനെ വച്ച് സിനിമ ചെയ്യുന്നവർ നീതിബോധം കാട്ടണം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമ താരസംഘടനയായ എഎംഎംഎയിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന നീതിനിഷേധങ്ങൾക്കെതിരെ ഡബ്ല്യുസിസി അംഗങ്ങൾ വാർത്താസമ്മേളനം നടത്തിയിരുന്നു. വുമൺ കളക്ടീവ് ഇൻ സിനിമ എന്ന മലയാള സിനിമ രംഗത്തെ അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശൻ, സജിത മഠത്തിൽ, ദീദി ദാമോദരൻ തുടങ്ങിയവരാണ് മാധ്യമങ്ങളെ കണ്ടത്.

താരസംഘടനയായ എഎംഎംഎ ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ തങ്ങൾ നടത്തിയ പരാതിയിൽ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും തങ്ങളുടെ പേരെടുത്തു പറയാനുള്ള മര്യാദ പോലും എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ കാണിച്ചില്ലെന്നും നടിമാർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിൽ മോഹൻലാൽ ആരാധകർ സൈബർ ആക്രമണം നടത്തി. നടിമാർക്കുനേരെ അസഭ്യ വർഷങ്ങളാണ് മോഹൻലാൽ ആരാധകർ നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.