തിരുവനന്തപുരം: അങ്കണവാടി ടീച്ചർമാരെ അപമാനിച്ച് പരാമർശങ്ങൾ നടത്തിയ നടൻ ശ്രീനിവാസനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. അങ്കണവാടി ടീച്ചർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനിത കമ്മീഷൻ പിആർഒ ദീപ.കെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദാ കമാലാണ് കേസെടുത്തത്. ഒരു ചാനൽ അഭിമുഖത്തിലാണ് നടൻ ശ്രീനിവാസൻ അങ്കണവാടി ടീച്ചർമാരെ കുറിച്ച് മോശമായി അഭിപ്രായപ്പെട്ടത്.

ഒരു ചാനൽ അഭിമുഖത്തിനിടെ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് വിവാദമായത്. ”ജപ്പാനിലൊക്കെ ചെറിയ ക്ലാസിലെ കുട്ടികളെ സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഇവിടെ അങ്ങനെയാണോ? അങ്കണവാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ ഇടയിലാണ് കുട്ടികൾ വളരുന്നത്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ,” എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.

സാംസ്കാരിക കേരളത്തിലെ സാക്ഷര സമൂഹത്തിലെ ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്വവും സൂഷ്മതയും അദ്ദേഹം പുലർത്തണമായിരുന്നുവെന്ന് കമ്മീഷൻ അഭിപ്രായപെട്ടു. നന്നായി സ്ത്രീകളെ അഭിസംബോധന ചെയ്യാനും ബഹുമാനിക്കാനും കഴിയാത്ത വ്യക്തിക്ക്, മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസനിലവാരവുമായി സ്വന്തം നാടിനെ എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും. പരാമർശങ്ങൾ തീർത്തും സ്ത്രീവിരുദ്ധവും അപക്വവുമാണന്നും കമ്മീഷൻ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഷാഹിദ കമാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.