കാസർഗോഡ്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ കാസർഗോഡ് നഗരത്തിൽ ബിജെപി നടത്തിയ പ്രകടനത്തിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവതി അറസ്റ്റിൽ. കാസർഗോഡ് അണങ്കൂർ ജെപി നഗർ കോളനിയിലെ രാജേശ്വരിയാണ‌് (25) അറസ്റ്റിലായത്.

സംസ്ഥാന വ്യാപകമായി ബിജെപി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കാസർഗോഡ് നഗരത്തിൽ നടന്ന പ്രകടനത്തിലായിരുന്നു അസഭ്യം പെൺകുട്ടി പറഞ്ഞത്.  മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും അസഭ്യം പറഞ്ഞ യുവതിയെ കാസർഗോഡ് ടൗൺ പൊലീസ‌് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(b), 143, 145, 147, 149, 283 കേരള പൊലീസ് നിയമത്തിലെ 117(e) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  ജനുവരി മൂന്നിന‌് നടത്തിയ ഹർത്താലിനോടനുബന്ധിച്ച്​ നടന്ന പ്രകടനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനൊപ്പം മുൻനിരയിൽ നിന്നാണ‌് രാജേശ്വരി മുദ്രാവാക്യം വിളിച്ചത്.

യുവതിയുടെ അസഭ്യവർഷം വിഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വ്യാപകമായി വിമർശനത്തിന് വിധേയമാകുകയും ചെയ്തു.  ഡിവൈഎഫ‌്ഐ കാസർഗോഡ് ബ്ലോക്ക‌് സെക്രട്ടറി പി.ശിവപ്രസാദ‌ാണ് പരാതി നൽകിയത്.

എന്നാൽ രാജേശ്വരിക്കെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേസുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കാസർഗോഡ് ടൗൺ പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കു നേരെ അസഭ്യം പറയൽ, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ് ഉപരോധിക്കല്‍ തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.