ആലുവ: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ സ്വദേശിനിയും കളമശേരി കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ ബാലനെയാണ് പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്. ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മര്‍ദിച്ചത്. സംഭവത്തിനു ശേഷം യുവതി ഒളിവിലായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് റിങ്കുവിനെ ആര്യ മർദിച്ചത്.ഇതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് റിങ്കു. ആശുപത്രിയില്‍ എത്തിയ യുവതി കാര്‍ പാര്‍ക്കിങ് സ്ഥലത്ത് ഇരു ചക്രവാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റിങ്കു വാഹനം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിയ്ക്ക് അകത്തേക്ക് പോയി. തുടര്‍ന്ന് റിങ്കു വാഹനം മാറ്റിവച്ചു.

Read Also: ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിക്കും; ഇന്ന് തെളിവെടുപ്പ്

എന്നാല്‍, തിരിച്ചെത്തിയ യുവതി വാഹനം മാറ്റിവെച്ചത് അറിഞ്ഞ് റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മാറ്റിവയ്‌ക്കുന്നതിനിടെ ഇരു ചക്ര വാഹനത്തിന്റെ സ്റ്റാൻഡ് നിലത്തുരഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നാണ് റിങ്കു പറയുന്നത്. എന്നാൽ, റിങ്കു തന്നെ തുറിച്ചു നോക്കിയതാണ് മർദനത്തിനു കാരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതി ഒളിവിൽ പോയി. പരാതിയെടുത്തെങ്കിലും പൊലീസ് ഒത്തുത്തീർപ്പിനായി ശ്രമിച്ചിരുന്നു. എന്നാല്‍, അഭിഭാഷകനുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെ വച്ചും റിങ്കുവിനോട് തട്ടിക്കയറിയതോടെ കേസുമായി മുന്നോട്ട് പോകാന്‍ റിങ്കുവിന്റെ സെക്യൂരിറ്റി ഏജൻസി തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.