തിരൂര്‍: വിവാഹാനന്തരം സ്വത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം നല്‍കുന്ന നിയമ നിര്‍മ്മാണം കേരളത്തില്‍ നടപ്പാക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.

ലിംഗാസമത്വവും സ്വന്തമായി വീടും ഭൂമിയുമില്ലാത്ത ദരിദ്രരും സമകാലീന കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. എണ്‍പതുകളുടെ അവസാനം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിക്ക് ഒപ്പമെത്തിയെങ്കിലും ഇന്നും ഇതാണ് സാമൂഹിക സാമ്പത്തിക സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സര്‍വകലാശാലയില്‍ ‘മാറുന്ന മലയാളി സമൂഹം; വൈരുദ്ധ്യങ്ങള്‍ വെല്ലുവിളികള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവലിബറല്‍ നയങ്ങളും ഹിന്ദുത്വശക്തികളും വെല്ലുവിളികളായി അവശേഷിക്കുകയാണ് പട്‌നാടിക് പറഞ്ഞു. റോഡപകടം പോലുള്ള യാദൃശ്ചിക സന്ദര്‍ഭങ്ങളില്‍ ചികിത്സ സൗജന്യമാക്കുന്ന നിയമവും കേരളത്തില്‍ കൊണ്ടുവരണം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ശക്തമായ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അന്യജാതിക്കാര്‍ കണ്‍മുന്നില്‍ വരുന്നതുപോലും വിലക്കിയിരുന്ന സാമൂഹ്യ സാഹചര്യത്തില്‍ നിന്നാണ് കേരളം ജനാധിപത്യ വിപ്ലവത്തിലേക്ക് മുന്നേറിയത്. ശ്രീ നാരായണഗുരുവിനെപ്പോലുള്ളവര്‍ നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളും കോളനി വിരുദ്ധ സമരങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമാണ് ഈ നേട്ടങ്ങള്‍ക്ക് അടിത്തറയായത്.

അമ്പതുകളിലെ ഭൂപരിഷ്‌ക്കരണം ജന്മിത്വത്തിന്റെ നട്ടെല്ല് തകര്‍ത്തുവെങ്കിലും പ്ലാന്റേഷന്‍ മേഖലയെ തൊടാതിരുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തി. തുടര്‍ന്ന് ചെറുകിട ഉല്‍പാദകരും ഉയര്‍ന്ന കൂലിയ്ക്കായി വിലപേശാന്‍ പോന്ന കര്‍ഷക പ്രസ്ഥാനങ്ങളും കേരളത്തിലെ പ്രത്യേകതയായി മാറി. ഭക്ഷ്യവിളകളുടെ സ്ഥാനം നാണ്യവിളകള്‍ കയ്യടക്കി.

നവ ഉദാരവല്‍ക്കരണനയങ്ങള്‍ പ്രതിലോമകരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കൃഷിഭൂമി വില്‍പ്പനചരക്കായി മാറുകയും പ്ലാന്റേഷന്‍ മേഖല റിസോര്‍ട്ട് – ഫ്‌ളാറ്റ് മേഖലകളിലേക്ക് ചുവട് മാറ്റുകയും ചെയ്തു. സാമൂഹ്യമുന്നേറ്റങ്ങളില്ലാതെ സാമ്പത്തിക വളര്‍ച്ച സ്തംഭനാവസ്ഥയിലായി.’ അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റിന്റെ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്ന അപൂര്‍ണ്ണമായ പൗരസമൂഹമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് ഡോ. കെ.എന്‍. ഗണേശ് അഭിപ്രായപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം ഭരണകൂടം സൃഷ്ടിച്ച ഘടനയ്ക്കുള്ളിലാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും സെമിനാറില്‍ ‘രാഷ്ട്രീയം അധികാരം ജനാധിപത്യം’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ