കൊല്ലം: കൊല്ലത്ത് പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കേവിള സ്വദേശിനി അജിത കുമാരി (48) ആണ് കൊല്ലപ്പെട്ടത്. തയ്യല്‍ ജോലിക്കാരിയായ അജിത കുമാരിയെ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ ആളാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ അക്രമി അജിത കുമാരിയുടെ കടയിലേക്ക് ഇരച്ച് കയറി ആക്രമിക്കുകയായിരുന്നു.

വായില്‍ തുണി തിരുകിയ ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവര്‍ സംഭവം ശ്രദ്ധിക്കുമ്പോഴേക്കും വൈകിപ്പോയിരുന്നു. തുടര്‍ന്ന് അക്രമിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് രക്ഷപ്പെട്ട ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ മറ്റ് വാഹനങ്ങളില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിനു ശേഷം താമസസ്ഥലത്തുനിന്ന് കാണാതായ ഭർത്താവ് സുകുമാരനായി പൊലീസ് അന്വേഷണം തുടങ്ങി. അജിതയും ഹോട്ടൽ തൊഴിലാളിയായ ഭർത്താവും വർഷങ്ങളായി അകന്നു കഴിയുകയാണ്. കിഷോർ, കിരൺ എന്നിവരാണ് മക്കൾ.

ഇരവിപുരം സിഐ ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പ്രതി സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.