കോഴിക്കോട്: പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വിചിത്രമായ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി. പെണ്‍കുട്ടി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ സിവിക്കിനെതിരായ പീഡനക്കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയതായി ലൈവ് ലൊ റിപ്പോര്‍ട്ട് ചെയ്തു.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. കോടതി ഉത്തരവിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് ഇരയായ യുവതി വ്യക്തമാക്കി.
ജാമ്യാപേക്ഷയ്ക്കൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
“പ്രതിയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയ ഫോട്ടോകൾ, പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതായി വെളിപ്പെടുത്തുന്നതാണ്. അതിനാൽ സെക്ഷൻ 354 എ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ നിലകൊള്ളില്ല,” കോടതി പറഞ്ഞതായി ലൈവ് ലൊ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശാരീരിക പരിമിതിയുള്ള സിവിക്കിന് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതി സംശയവും പ്രകടിപ്പിച്ചു.
കോടതി നിരീക്ഷണത്തെ വനിത കമ്മിഷനും വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു
സെഷന്‍സ് കോടതിയുടെ ഉത്തരവ് ശുദ്ധ വിവരക്കേടാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഉത്തരവ് സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. പുരുഷനെന്ന നിലയില്‍ ജഡ്ജി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിക്കണമെന്നും ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണു താനെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിവിക്കിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, സിവിക് പരാതിക്കാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി ഹാജരാക്കിയിരുന്നു.
കോഴിക്കോട് സ്വദേശിനിയായ എഴുത്തുകാരി നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസാണു സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. 2020 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നാണു പരാതിയിൽ പറയുന്നത്.
സിവിക്കിനെതിരെ സമാനമായ പരാതിയുമായി മറ്റൊരു എഴുത്തുകാരിയും പൊലീസിനെ സമീപിച്ചിരുന്നു. ഏപ്രില്‍ 17 നു പുസ്തക പ്രകാശനത്തിനായി എത്തിയപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ സംബന്ധിച്ച നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കേസെടുത്തത്.