തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയും മുറിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയെ സ്വാമിയെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. താന്‍ വീട്ടുതടവിലല്ലെന്നും കുടുംബത്തിന്റെ സംരക്ഷണയിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കാമുകനായ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നും തന്റേയും സ്വാമിയുടേയും പക്കല്‍ നിന്ന് 14 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പെണ്‍കുട്ടി പേട്ട പൊലീസില്‍ പരാതി നല്‍കി.

കാമുകന്‍ അയ്യപ്പദാസിന്റെ പ്രേരണയിലാണ് താന്‍ കൃത്യം ചെയ്തതെന്നും ഇത് കോടതിയെ ബോധിപ്പിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി.

പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതിയുടെ അനുമതി നല്‍കിയിട്ടുണ്ട്. ബ്രെയിന്‍ മാപ്പിംഗിനും പെണ്‍കുട്ടിയെ വിധേയമാക്കും.

ഈ മാസം 26ന് കോടതിയില്‍ ഹാജരായി, നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും പെണ്‍കുട്ടിയോട് കോടതി ആവശ്യപ്പെട്ടു. താന്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്നും നിലപാട് കോടതിയെ അറിയിക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹരിസ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വാമിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ