തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയിൽ കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ സംഭവത്തിൽ പൊലീസ് പിടികൂടി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബസിൽവച്ച് അതിക്രമമുണ്ടായത്. യുവാവ് പലതവണ മോശമായി പെരുമാറി. ലൈംഗികാതിക്രമം ഉണ്ടായതോടെ യുവതി പ്രതികരിച്ചു. തുടർന്ന് യുവതി ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അവരെത്തി ബസ് തടഞ്ഞുനിർത്തിയാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ദിവസം കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറാണ് അറസ്റ്റിലായത്. ബസ് ഡ്രൈവര്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി. ബസിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്.