തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി. ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ പോക്സോ കോടതിയില്‍ പെൺകുട്ടി ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണത്തിൽ വിശാസമില്ലെന്നും മൊഴിയിലെ ചില കാര്യങ്ങള്‍ പൊലീസിന്റെ വാക്കുകളായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ ആരോഗ്യപ്രശ്നം ഉളളതിനാലാണ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പറ്റാതിരുന്നതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയും പ്രതിഭാഗം അഭിഭാഷകനും തമ്മിലുളള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ മനപൂര്‍വം അല്ല മുറിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരുട്ടത്ത് കത്തി വീശിയപ്പോള്‍ അബദ്ധത്തിലാണ് ജനനേന്ദ്രിയം മുറിഞ്ഞത്. വയറ്റത്താണ് പരുക്കേറ്റതെന്നാണ് കരുതിയത്. അയ്യപ്പദാസ് പറഞ്ഞത് പ്രകാരമാണ് താന്‍ കത്തിയുമായി മുറിയില്‍ ചെന്നതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി പറയുന്നു.

“സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. അമ്മയുമായും സ്വാമിക്ക് വഴിവിട്ട ബന്ധമില്ല”, പെണ്‍കുട്ടി പറയുന്നു. എന്നാല്‍ സ്വാമിയുമായി ബന്ധമില്ലെന്ന് പറയുന്ന പെണ്‍കുട്ടി എന്തിനാണ് സ്വാമിയെ ആക്രമിച്ചതെന്ന് വ്യക്തമാക്കുന്നില്ല.

കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകര്‍ പരാതിക്കാരിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്. സംഭവത്തിന് പിന്നില്‍ പൊലീസെന്നും കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേർന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിൽ യുവതി ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ