കോട്ടയം: “സഖാവിനെ വെറുതെ വിട്ടു… ഇങ്ക്വിലാബ് സിന്ദാബാദ്.. ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോ.. തോ..”, ആശുപത്രി കിടക്കയില്‍ അവശയായ ശാന്താ കൃഷ്ണയുടെ പാതി നിറുത്തിയ വാക്കുകള്‍ മുഴുമിച്ചത് മുറിയില്‍ ഉച്ചത്തില്‍ വെച്ച ടിവിയിലെ വാര്‍ത്താ അവതാരകനായിരുന്നു, “ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കി…”
ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പളളിയിലെ രക്തത്തില്‍ കമ്മ്യൂണിസം അലിഞ്ഞു ചേര്‍ന്നൊരു കുടുംബത്തില്‍ നിന്നും വളര്‍ന്നുവന്ന ശാന്ത ആശുപത്രിക്കിടക്കയില്‍ വെച്ചാണ് പിണറായിയെ വെറുതെ വിട്ട വാര്‍ത്ത കേട്ട് ആവേശം കൊണ്ട് മുദ്രാവാക്യം വിളിച്ചത്. പനിയും പ്രമേഹവും തളര്‍ത്തിയത് കാരണം ഒരാഴ്ച്ച മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരിയായി വിരമിച്ച ശാന്തയെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെയാണ് ഐസിയുവില്‍ നിന്ന് ശാന്തയെ വാര്‍ഡിലേക്ക് മാറ്റിയത്. മകനായ അജിത് കുമാറാണ് അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്. അജിത് നഴ്സുമാരുടെ അടുത്ത് പോയി തിരിച്ചു വരുമ്പോഴാണ് കിടക്കയില്‍ കിടക്കുന്ന അമ്മ കൈയടിക്കുകയും സന്തോഷം കൊണ്ട് പിറുപിറുക്കുകയും ചെയ്യുന്നത് കണ്ടത്.
കാര്യം എന്താണെന്ന് അജിത് ചോദിച്ചപ്പോള്‍”സഖാവിനെ വെറുതെ വിട്ടു, ഇങ്ക്വിലാബ് സിന്ദാബാദ്” എന്നാണ് ശാന്ത മറുപടി പറഞ്ഞത്. ടിവിയില്‍ വാര്‍ത്താ അവതാരകന്റെ ശബ്ദം ഉച്ചസ്ഥായില്‍ എത്തുമ്പോഴെല്ലാം ശാന്ത ആവേശം കൊണ്ട് കൈയുയര്‍ത്തി മുദ്രാവാക്യം വിളിച്ചു. മറിച്ചൊന്നും ചിന്തിക്കാതെ അജിത് അതിന്റെ ഫോട്ടോ പകര്‍ത്തി ഫെയ്സ്ബുക്കിലും ഇട്ടു. തിരുവനന്തപുരത്ത് ഗസറ്റഡ് ജീവനക്കാരനാണ് അജിത് കുമാര്‍.
ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി വന്നത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയാണ് ചെയ്തത്. പ്രഥമ ദൃഷ്ട്യ പിണറായി വിജയനെതിരെ കേസ് ഇല്ലെന്നാണ് ചീഫ് ജസ്റ്റിസ് പി ഉബൈദ് അദ്ധ്യക്ഷനായ ഹൈക്കോടതി ബഞ്ച് വിധിച്ചത്. കേസിൽ ഏഴാം പ്രതിയായിരുന്ന പിണറായി വിജയനെ കൂടാതെ ഒന്നാം പ്രതി മോഹനചന്ദ്രൻ, എട്ടാം പ്രതി ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കി.
പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിണറായിയെ തിരഞ്ഞു പിടിച്ചാണ് സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. പിണറായി അടക്കം മൂന്ന് പേര് കുറ്റക്കാരല്ല. രണ്ട് മുതല്‍ നാല് വരെ പ്രതികളായ വൈദ്യുത ബോര്‍ഡിലെ മുന്‍ ചെയര്മാന് അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സിബിഐ സുപ്രിംകോടതിയിലേക്ക് നീങ്ങുമെന്നാണ് സൂചന. എന്നാല്‍ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ സുപ്രിംകോടതിയിലും സിബിഐയ്ക്ക് പ്രതികൂലമാകും.