വയനാട്: ബസ് യാത്രയ്ക്കിടെ ശല്യപ്പെടുത്തിയ മദ്യപാനിയെ കായികമായി നേരിട്ട് യുവതി. പടിഞ്ഞാറത്തറയിലാണ് സംഭവം. യുവതി മദ്യപാനിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. പനമരം സ്വദേശിയായ സന്ധ്യയാണ് ശല്യം ചെയ്ത മദ്യപാനിക്ക് തക്കതായ മറുപടി നല്‍കിയത്.
നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസില്‍ കയറിയത്. പടിഞ്ഞാറത്തറയില്‍ നിന്നാണ് മദ്യപാനിയും ബസില്‍ കയറിയതെന്നാണ് വിവരം. മുന്‍വശത്തെ ഡോറിന് സമീപമായി സന്ധ്യയെ ഇയാള്‍ ശല്യപ്പെടുത്തുകയായിരുന്നു. പലതവണ പറഞ്ഞിട്ടും ഇയാള്‍ ശല്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് സന്ധ്യ പ്രതികരിച്ചത്.
ശല്യപ്പെടുത്തിയയാള്‍ക്ക് തല്ലു കൊടുത്തിട്ടുള്ളതിനാല്‍ ഇനി പൊലീസ് പരാതിയിലേക്കൊന്നും പോകാനില്ലെന്നാണ് സന്ധ്യ പറയുന്നത്. വിവാഹ ബ്യൂറൊ നടത്തുന്ന സന്ധ്യ ഒര ആലോചന കാണിക്കുന്നതിനായുള്ള യാത്രയില്‍ ആയിരുന്നു. സംഭവത്തെക്കുറിച്ച് സന്ധ്യ വിവരിക്കുന്നതിങ്ങനെ. ഏഷ്യനെറ്റ് ന്യൂസിനോടാണ് യുവതിയുടെ പ്രതികരണം.
“വലിയ പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് തന്നെ ബസിന്റെ മുന്നില്‍ തന്നെയാണ് ഇരുന്നത്. പടിഞ്ഞാറത്തറ സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട സമയത്താണ് ഒരാൾ കേറിയത്. കുറച്ച് കഴിഞ്ഞപ്പോ അയാൾ കവറിൽ നിന്ന് ഒരു സോപ്പൊക്കെ എടുത്ത് അപമര്യാദയായിട്ട് വർത്തമാനം പറയാൻ തുടങ്ങിയത്. അപ്പോൾ ‘ചേട്ടാ പിന്നിലേക്ക് ഇരിക്ക്, നിറയെ സീറ്റുണ്ടല്ലോ’ എന്ന് ഞാൻ പറഞ്ഞു.”
“എന്റെ സമീപത്തായി ഇരുന്ന മറ്റൊരു സ്ത്രീയെ അയാള്‍ കണ്ണടച്ച് കാണിച്ചു. അയാളോട് മാറി ഇരിക്കാന്‍ പറയാന്‍ അവരെന്നോട് ആവശ്യപ്പെട്ടു. ശല്യം തുടര്‍ന്നതോടെ ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു. അയാളോട് മാറിയിരിക്കാന്‍ കണ്ടക്ടറും ആവശ്യപ്പെട്ടു. പിന്നീട് അയാള്‍ എന്നെ തെറി പറായാനായി തുടങ്ങി.”
“കേൾക്കാൻ പറ്റാത്ത തെറിയാണ് പറയുന്നത്. അത് ശ്രദ്ധിക്കാതെ ഞാനിരുന്നു. പക്ഷേ പിന്നെ അയാള് പുറത്തിറങ്ങി ‘ഐ ലവ്യൂ, നിന്നെ ഞാൻ കെട്ടും, നിന്നെ ഞാൻ കൊണ്ടോവും’ എന്നൊക്കെ പറഞ്ഞ് എന്റെ മുഖത്ത് തൊട്ടു. ദേഹത്ത് തൊട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്. അയാളെ പിടിച്ച് ഞാൻ നല്ല അടി അടിച്ചിട്ടുണ്ട്,” സന്ധ്യ പറഞ്ഞു.
Also Read: ഇടുക്കിയില്‍ പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം