തിരൂരങ്ങാടി: മദ്റസയിലേക്ക് പോയ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. കുട്ടിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഒരു കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരൂരങ്ങാടി പൊലീസ് അന്വേഷണം നടത്തുകയാണ്.
രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയെ പര്‍ദയിട്ട സ്ത്രീ സ്കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ ഒറ്റയ്ക്ക് റോഡില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയോട് നാട്ടുകാരിലൊരാള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. പിതാവിന്റെ മൊബൈല്‍ നമ്പര്‍ കുട്ടി നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സിസിടിവി കാമറകൾ പരിശോധിച്ചതിൽ ഹെൽമറ്റ് ധരിച്ച് പർദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കിൽ പോകുന്ന ദൃശ്യം കാണുന്നുണ്ട്. ഇവർ കൊടിഞ്ഞിഭാഗത്തുനിന്നും വന്ന് കുട്ടിയുമായി വെഞ്ചാലി കോൺക്രീറ്റ്റോഡ് വഴി കടത്തിക്കൊണ്ടുപോയതെന്നും ദൃശ്യത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.