ചെങ്ങന്നൂര്‍: സഹോദരന് പിന്നാലെ ഇരുപത്തിനാലുകാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. മാസങ്ങളുടെ ഇടവേളയില്‍ രണ്ട് മക്കളെയും മരണം കൊണ്ടുപോയപ്പോള്‍ തകര്‍ന്നടിഞ്ഞുപോയ ചെങ്ങന്നൂരിലെ ജോർജ്-സോഫി ദമ്പതികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പതറുകയാണ് ബന്ധുക്കള്‍. ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം.ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പാണ് മരണമടഞ്ഞത്.

ഒരു പ്രൈവറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന്‍ എം.ജോര്‍ജ്. രാത്രി റൂമില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതേ രീതിയില്‍ സഹോദരി ജിഫിലിയും മരണപ്പെട്ടിരിക്കുകയാണ്. ഉറങ്ങാന്‍ കിടന്ന ജിഫിലി രാവിലെ എഴുന്നേല്‍ക്കാതായപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ചെന്ന മാതാപിതാക്കളാണ് മകള്‍ മരിച്ച് കിടക്കുന്നത് കണ്ടത്.

ജോർജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ജിഫിലി. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്. ജിഫിന്‍ പ്രൈവറ്റ് കമ്പനിയായ മാജിദ്‌ അല്‍ദോസരി കമ്പനിയില്‍ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. തലേദിവസം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിന്‍ കാലത്തു ഉണര്‍ന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോള്‍ മരിച്ചിരുന്നു. ജിഫിന്റെ സംസ്‌കാര ശുശ്രൂഷയില്‍ യാത്രാമൊഴി നല്‍കി സഹോദരി ജിഫിലി പാടിയ പാട്ട് കൂടിനിന്നവരുടെ കണ്ണ് നനച്ചിരുന്നു. ‘മറുകരയില്‍ നാം കണ്ടിടും’ എന്ന് തുടങ്ങുന്ന ഗാനമാണ് സഹോദരന്റെ മൃതദേഹത്തിനരികിലിരുന്ന് ഇടറുന്ന ശബ്ദത്തില്‍ ജിഫിലി പാടിയത്.

എന്താണ് സൈലന്റ് അറ്റാക്ക്? ലക്ഷണങ്ങൾ എന്തൊക്കെ?

നിശബ്ദമായി സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ ഹൃദയത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വളരെ കുറയുകയോ പൂര്‍ണമായും നിലയ്ക്കുകയോ ആണ് ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം 25 ശതമാനം ഹൃദയാഘാതവും സംഭവിക്കുന്നത് 40 വയസിനു മുൻപാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചേക്കാം. എന്നാല്‍ ആ ലക്ഷണങ്ങളെ പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കുന്നു.

അല്ലെങ്കില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതു കൂടുതല്‍ അപകടം വരുത്തിവയ്ക്കുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുമ്പും ശേഷവും തികച്ചും സ്വഭാവികമായ ഒരു അവസ്ഥയായിരിക്കും രോഗിക്ക് അനുഭവപ്പെടുക. ഹൃദയാഘാതം വരുന്നത് രോഗിക്കു മുമ്പേ തന്നെ തിരിച്ചറിയാന്‍ കഴിയാത്തതു കൊണ്ട് ഹൃദയത്തിന് ഇത് വലിയ കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്.

വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തും ഇടതുവശത്തും ശക്തമായ വേദനയും ഉണ്ടാകും. ഹൃദയത്തെ സംരക്ഷിക്കാൻ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതൽ കഴിക്കണം. ജങ്ക്ഫുഡ് പൂർണമായും ഒഴിവാക്കുക.
ജങ്ക് ഫുഡില്‍ അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ധാരാളം ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതു ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.