കരമന: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് അഴിഞ്ഞുവീണ കയര്‍ സ്കൂട്ടറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മുമ്പില്‍ പോയ ലോറിയുടെ പിന്നില്‍ നിന്നും റോഡിലേക്ക് വീണ കയര്‍ സ്കൂട്ടറിന്റെ കിക്കറിലാണ് കുരുങ്ങിയത്. കുളത്തൂർ ഉച്ചക്കട തുമ്പയ്ക്കൽ ലക്ഷം വീട് കോളനിയിൽ ബേബിയുടെ മകൾ അനിതയാണ് (36) മരിച്ചത്. കരമന പാലത്തിനു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം.

സ്കൂട്ടറില്‍ കയര്‍ കുരുങ്ങിയ ഉടനെ യുവതി നിലവിളിക്കുകയും ഹോണ്‍ അടിക്കുകയും ചെയ്തെങ്കിലും ലോറി ഡ്രൈവര്‍ ഇത് കേട്ടില്ല. സ്കൂട്ടറിനെ നൂറ് മീറ്ററോളം ലോറി വലിച്ചുകൊണ്ടുപോയി. കരമന പാലം കഴിഞ്ഞാണ് ലോറി നിർത്തിയത്. തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറില്‍ തടയിടിച്ചാണ് അനിതയ്ക്ക് ഗുരുതരമായ പരുക്കേറ്റത്.

അപകടം നടന്നയുടൻ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട്ടിൽ നിന്ന് ഉണക്കമീനുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ തിരുച്ചിറപ്പള്ളി സ്വദേശി ചക്രവർത്തിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട്ടിൽ പ്ളസ് വൺ വിദ്യാർത്ഥിയായ അങ്കിത് (16)​,​ പാറശാല വിമലഹൃദയ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി സൗമ്യ (14)​,​ ആറാം ക്ളാസ് വിദ്യാർത്ഥി അനുഷ് (12)​ എന്നിവരാണ് മക്കൾ. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ അനിത വീട്ടുജോലി ചെയ്താണ് കുടുംബത്തെ നോക്കിയിരുന്നത്. അനിതയുടെ സംസ്കാരം തുമ്പയ്ക്കൽ ലക്ഷം വീട് സെമിത്തേരിയിൽ ഇന്ന് രാവിലെ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.