scorecardresearch

Latest News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കഴുത്തിൽ മുറുക്കെ പിടിച്ച് ശ്വാസം മുട്ടിച്ച് യുവതിയെ കൊലപ്പെടുത്തുകയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kuthiravattam, Death,, Crime

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ കഴുത്തിൽ മുറുക്കെപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായാണു വിവരം.

കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 30 വയസുള്ള യുവതിയെ വ്യാഴാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.

യുവതിയും മറ്റൊരു അന്തേവാസിയും തമ്മില്‍ ബുധനാഴ്ച രാത്രി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും രണ്ട് സെല്ലിലേക്കു മാറ്റിയിരുന്നു. വൈദ്യപരിശോധന നടത്തിയപ്പോള്‍ യുവതിക്ക് കുഴപ്പമുള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ ആശുപത്രി അധികൃതര്‍ സെല്‍ പരിശോധിക്കാന്‍ എത്തിയപ്പോൾ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്തേവാസികള്‍ തമ്മില്‍ തര്‍ക്കം നിലനിന്ന സാഹചര്യത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

ജനുവരി അവസാനത്തോടെയാണ് കൊല്ലപ്പെട്ട യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നേരത്തെ കണ്ണൂരിലുള്ള ഒരു ഹോം കെയറിലായിരുന്നു ഇവരെന്നാണ് ലഭിക്കുന്ന വിവരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Woman death in kuthiravattam mental care centre