scorecardresearch

സൈബര്‍ ആക്രമണത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യ; മുന്‍ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതം

കോട്ടയം സ്വദേശിയായ അരുണുമായി ആതിര സൗഹൃദം അവസാനിപ്പിച്ചിരുന്നു

arun vidyadharan
അരുണ്‍ വിദ്യാധരന്‍

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആതിരയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരന്‍ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തിയതായാണ് പരാതി.

കോന്നല്ലൂര്‍ സ്വദേശിയായ ആതിര(26)നെ ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആതിര ജീവനൊടുക്കിയത്. അരുണിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

കോട്ടയം സ്വദേശിയായ അരുണുമായി ആതിര സൗഹൃദം അവസാനിപ്പിച്ചിരുന്നു. ആതിരയ്ക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുണ്‍ വിദ്യാധരന്‍ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടി കടുത്തുരുത്തി പൊലീസില്‍ അരുണിനെതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയില്‍ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സൈബര്‍ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കും. ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Woman committed suicide after cyber bullying police inquiry