തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. ഇന്നലെ രാത്രി പൊലീസ് സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴുത്തില്‍ കുരുക്കിട്ട യുവതി മരത്തിന് മുകളില്‍ കയറി ഇരുന്നു. താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കി. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. കെഎസ്ആർടിസി എംപാനൽ സമരക്കാരുടെ പന്തൽ ഉൾപ്പെടെ സെക്രട്ടേറിയറ്റിന്റെ മുൻഭാഗത്തെ എല്ലാ പന്തലുകളും നീക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകൾ പൊളിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തളളും ഉണ്ടായി. പത്തോളം വരുന്ന സമരപ്പന്തലുകളാണ് അർധരാത്രി പൊളിച്ചുനീക്കിയത്. സമരപ്പന്തലിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്.