കൊച്ചി: ജോലിക്കു പോകുകയായിരുന്ന യുവതിക്കുനേരെ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ അജ്ഞാതന്റെ ആക്രമണം. സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുമെന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ പുറത്തേക്കു ചാടിയതിനെത്തുടര്‍ന്ന് തലയ്ക്കു പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
മുളന്തുരുത്തി സ്വദേശിയാണ് സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റില്‍ ആക്രമണത്തിന് ഇരയായത്. ഇന്നു രാവിലെ പത്തോടെ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തായിരുന്നു സംഭവം. ചെങ്ങന്നൂരിലെ സ്കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി അങ്ങോട്ട് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. സംഭവസമയത്ത് കംപാര്‍ട്ടുമെന്റില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്.
Also Read: ഒരു കോടി ഡോസ് വാക്സിൻ വാങ്ങും, ലോക്ക്ഡൗൺ വേണ്ട; മന്ത്രിസഭാ തീരുമാനം
ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന് വിട്ടതിനുപിന്നാലെ യുവതിയെ സമീപിച്ച അക്രമി സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങി. തുടര്‍ന്ന് ബാത്ത്റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവന്നായിരുന്നു ആക്രണം. ഇതോടെ യുവതി ഓടുന്ന ട്രെയിനിന്റെ വാതില്‍ തുറന്ന് പുറത്തേക്കു ചാടാന്‍ ശ്രമിച്ചു. ട്രെയിനില്‍ തൂങ്ങിക്കിടന്ന യുവതി കൈവിട്ടു താഴെ വീഴുകയായിരുന്നു.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. യുവതിയുടെ മൊഴി റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ രേഖപ്പെടുത്തി. റെയില്‍വേ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.