തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാറപടകം നടന്നപ്പോൾവാഹനം ഓടിച്ചിരുന്നത് അർജുൻ അല്ലെന്ന് സാക്ഷിമൊഴി. അപകട സ്ഥലത്ത് ആദ്യമെത്തിയ അഞ്ചോളം പേരുടെ മൊഴിയാണ് അർജുന്റെ മൊഴിയെ ബലപ്പെടുത്തുന്നത്.

ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് കുടുംബം നൽകിയ പരാതി അന്വേഷിക്കാൻ ചുമതല. ക്ഷേത്ര ദർശനത്തിന് ശേഷം തൃശ്ശൂരിൽ തങ്ങാൻ നിശ്ചയിച്ച കുടുംബം എന്തുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് രാത്രി മടങ്ങിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിന് പുറമെ പാലക്കാടുളള ഒരു ആശുപത്രിയുമായി ബാലഭാസ്കറിനുണ്ടായിരുന്ന പണമിടപാടുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ബാലഭാസ്കറിന്റെ കാർ അപകടത്തിൽ പെട്ടപ്പോൾ ഇവിടെയെത്തിയ രക്ഷാപ്രവർത്തകരും സമീപവാസികളുമായ അഞ്ച് പേരിൽ നിന്നാണ് പൊലീസ് മൊഴിയെടുത്തിരിക്കുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണിയാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. സംഭവം അന്വേഷിക്കാനും വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് ഡിജിപി നിർദ്ദേശം നൽകി.

തിരുവന്തപുരം പള്ളിപ്പുറത്ത് സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷന് സമീപത്ത് വച്ച് സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ബാലഭാസ്‌കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചു. തേജസ്വിനി സംഭവസ്ഥലത്തും ബാലഭാസ്‌കർ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം സംഭവിച്ചതിനെ തുടർന്നുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് അർജുൻ, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്നിവരാണ് രക്ഷപ്പെട്ടത്. ലക്ഷ്മി ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അർജുന്റെ മൊഴിയും ലക്ഷ്മിയുടെ മൊഴിയും തമ്മിലാണ് വൈരുദ്ധ്യമുളളത്. അപകട സമയത്ത് താൻ പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നാണ് അർജുന്റെ മൊഴി. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ ലക്ഷ്മിയുടെ മൊഴി പ്രകാരം അർജുനാണ് കാർ ഓടിച്ചത്. ബാലഭാസ്കർ ദീർഘയാത്രയിൽ വാഹനം ഓടിക്കാറില്ലെന്നും അദ്ദേഹം പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook