തൊടുപുഴ: സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളില്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാം കാല്‍ നൂറ്റാണ്ടിനു ശേഷം തുറക്കാനൊരുങ്ങുന്നു. ഡാം അടുത്ത ആഴ്ച തുറക്കാനാണ് ആലോചിക്കുന്നത്. ചൊവ്വാഴ്ചയായിരിക്കും ഡാം പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിടുക. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് മണ്‍സൂണ്‍ കാലത്ത് തുറക്കേണ്ടി വരുന്നത്. കാലവർഷത്താൽ​ ഡാം വെളളം വളരെയധികം ഉയർന്നതിനാലാണ് തുറക്കേണ്ടി വരുന്നത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് എന്നീ ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.

ഈ ഡാമില്‍ സംഭരിക്കുന്ന ജലം മൂലമറ്റത്തു സ്ഥാപിച്ചിരിക്കുന്ന ഭൂഗര്‍ഭ പവര്‍ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇടുക്കി ഡാം തുറക്കുന്നുവെന്നാണ് പറയുന്നതെങ്കിലും തുറക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്. ആര്‍ച്ച് ഡാമായി നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇടുക്കി ഡാമിനു ഷട്ടറുകളില്ല. 2403 അടി പൂര്‍ണ സംഭരണ ശേഷിയുള്ള ഡാമിന്റെ കാച്ച്‌മെന്റ് ഏരിയ കിലോമീറ്ററുകള്‍ പരന്നു കിടക്കുന്നതാണ്. 2403 അടിയാണ് പൂര്‍ണസംഭരണ ശേഷിയെങ്കിലും 2400 അടിയാകുമ്പോഴാണ് സാധാരണയായി ഡാം തുറക്കുക. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് മണ്‍സൂണ്‍ കാലത്തു ഡാം തുറക്കാനൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനു മുമ്പ് രണ്ടു തവണ ഡാം തുറന്ന 1981 ഒക്ടോബറിലും 1992 ഒക്ടോബറിലും തുലാവര്‍ഷക്കാലത്താണ് ഡാം തുറന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ ഡാമിലെ ജലനിരപ്പ് അതിവേഗം വര്‍ധിക്കുകയായിരുന്നു.

സാധാരണയായി മണ്‍സൂണില്‍ ലഭിക്കുന്ന കരുതല്‍ ശേഖരമായി സൂക്ഷിച്ചശേഷം മറ്റു ജലവൈദ്യുത പദ്ധതികളിലെ ജലം ഉപയോഗിച്ചു പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ജലനിരപ്പ് കുറയ്ക്കാന്‍ ഉല്‍പ്പാദനം പരമാവധി കൂട്ടിയിട്ടും ജലനിരപ്പ് കുറയ്ക്കാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്നാണ് ഡാം തുറന്നുവിടുകയെന്ന ആലോചനയിലേയ്ക്ക് വൈദ്യുതി ബോര്‍ഡെത്തുന്നത്.

ഇതിന് മുമ്പ് 2013-ല്‍ ജലനിരപ്പ് 2400 അടിയായി ഉയര്‍ന്നെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ജലനിരപ്പ് താഴ്ത്തുകയായിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണവും മുഴുവന്‍ സമയവും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 14.5 മില്യന്‍ യൂണിറ്റുവരെയാണിപ്പോള്‍ പ്രതിദിന ഉല്‍പ്പാദനം.

ചെറുതോണി ഡാമില്‍ നിന്നു തുറന്നുവിടുന്ന വെള്ളം ആറുമണിക്കൂറിനുള്ളില്‍ ആലുവയിലെത്തുമെന്നാണ് കരുതുന്നത്. ചെറുതോണി ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളം ചെറുതോണി പുഴ വഴി ഒഴുകി ഒരു കിലോമീറ്റർ അകലെ വെള്ളക്കയത്തുള്ള പെരിയാറിലെത്തും. പിന്നീട് പെരിയാറില്‍ക്കൂടി വെള്ളം തടിയമ്പാട്, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട് പാംബ്ല വഴി ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തും. ലോവര്‍ പെരിയാറിലൂടെ വെള്ളം പെരിയാര്‍ നദിയിലൂടെ ആലുവയിലും തുടര്‍ന്ന് അറബിക്കടലിലുമെത്തും.

പമ്പ-92, ഷോളയാര്‍-100, ഇടമലയാര്‍-92, കുണ്ടള-55, മാട്ടുപ്പെട്ടി-84, കുറ്റ്യാടി-95, തരിയോട് -100, ആനയിറങ്കല്‍-32, പൊന്‍മുടി-97, നേര്യമംഗലം-97, പൊരിങ്ങല്‍ക്കുത്ത്-100, ലോവര്‍ പെരിയാര്‍-100 എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ്. അതുകൊണ്ടുതന്നെ ഇടുക്കി ഡാമിലെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായെന്നാണ് വൈദ്യുതി വകുപ്പു വ്യക്തമാക്കുന്നത്.

idukki arch dam

ഇടുക്കി ആർച്ച് ഡാം ഫയൽ​ചിത്രം

ഇടുക്കി ഡാമിന്റെ ചരിത്രം

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിക്ക് ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചു ഡാം, ലോകത്തെ ആദ്യത്തെ പത്ത് ആര്‍ച്ചുഡാമുകളില്‍ ഒന്ന് എന്നീ വിശേഷണങ്ങളുമുണ്ട്. ഇടുക്കി ചെറുതോണി, കുളമാവ് ഡാമുകളിലായി സംഭരിച്ചിട്ടുള്ള ജലം മൂലമറ്റത്തിനടുത്തുള്ള നാടുകാണിയില്‍ നിര്‍മിച്ചിട്ടുള്ള ഭൂഗര്‍ഭ നിലയത്തിലെത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിന്റെ മൊത്തം ഉല്‍പ്പാദന ശേഷി. കാനഡയുടെ സഹകരണത്തോടെയാണ് ഇടുക്കി പദ്ധതി പൂര്‍ത്തിയാക്കിയത്.

ഇടുക്കിയില്‍ ഒരു അണക്കെട്ടു നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യത ആദ്യമായി ഉയര്‍ന്നുവരുന്നത്. പിന്നീട് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമായതിന് പിന്നില്‍ തൊടുപുഴയ്ക്കടുത്തുള്ള മലങ്കര എസ്റ്റേറ്റിലെ സൂപ്രണ്ടായിരുന്ന ഡബ്ല്യു ജെ.ജോണും (മലങ്കര) കൊലുമ്പന്‍ എന്ന ആദിവാസി മൂപ്പനുമാണ്. 1932-ല്‍ ഇടുക്കിയില്‍ വേട്ടക്കെത്തിയ ജോണിന് വഴികാട്ടിയായ കൊലുമ്പന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. ഈ പ്രദേശത്ത് ഒരു ഡാം നിര്‍മാണത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ ജോണ്‍ എന്‍ജിനീയറായ പി.ജെ.തോമസിന്റെ സഹായത്തോടെ ഇക്കാര്യം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

1937-ല്‍ ഇറ്റാലിയന്‍ എന്‍ജിനീയര്‍മാരായ ഒമേദിയോ, മസേലി എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടന്നു. ഇടുക്കിയില്‍ തന്നെ അണക്കെട്ടും പവര്‍ഹൗസും സ്ഥാപിക്കാവുന്നതാണെന്ന നിർദ്ദേശമാണ് ഇവര്‍ നല്‍കിയത്. പിന്നീട് 1949-ല്‍ ചീഫ് എന്‍ജിനീയറായ ജോസഫ് ജോണ്‍ പുതിയ പഠനം നടത്തി. അണക്കെട്ടിലെ വെള്ളം, പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ നാടുകാണി മലയുടെ അടിവാരത്തെത്തിച്ച് വൈദ്യുതോല്‍പ്പാദനം നടത്തുന്ന ഇപ്പോഴത്തെ രീതി അദ്ദേഹത്തിന്റെ ശുപാര്‍ശ ആയിരുന്നു. 1956-മുതല്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ വിശദമായ പഠനം നടന്നു. 1962-ല്‍ ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. 1967-ല്‍ ജനുവരിയില്‍ സഹായവുമായി കാനഡയും രംഗത്തെത്തി. 1969 ഏപ്രില്‍ 30-നാണ് ഇടുക്കി അണക്കെട്ടിന്റെ കരാര്‍ ഒപ്പിടുന്നത്. 1974 മാര്‍ച്ച് ആയപ്പോഴേക്കും ജലാശയം രൂപപ്പെട്ടു തുടങ്ങിയ പദ്ധതിയുടെ ട്രയല്‍ റണ്‍ നടക്കുന്നത്. 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ചത്.
(മനോജ് മാതിരപ്പള്ളിയുടെ ​ ‘ഇടുക്കി, ദേശം, ചരിത്രം, സംസ്കാരം എന്ന പുസ്തകത്തില്‍ നിന്നാണ് ഇടുക്കി ഡാമിന്റെ ചരിത്രം)

Read More: ഡാം തുറക്കൽ: തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, ദുരന്ത നിവാരണ അതോറിട്ടിയുടെ 19 സുരക്ഷാ നിർദേശങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.