കൊച്ചി: യൂബർ ടാക്സി ഡ്രൈവർക്ക് യാത്രക്കാരായ സ്ത്രീകളിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മർദനത്തിൽ പരുക്കേറ്റ യൂബർ ഡ്രൈവറെ അനുകൂലിച്ച് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ഇന്ന് “അവനൊപ്പം” എന്ന പേരിൽ പ്രതിഷേധ സംഗമം നടത്തുകയാണ്.

ഇതേ തുടർന്ന് രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് സമരം വൈകിട്ട് ആറു മണി വരെ നടക്കും. യൂബറിന്റെ കൊച്ചിയിലെ ഓഫീസ് ടാക്സി ഡ്രൈവർമാർ രാവിലെ ഉപരോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം എളംകുളം ജംങ്ഷനിൽ നിന്ന് പ്രകടനമായി ടാക്സി ഡ്രൈവർമാർ വൈറ്റില ജംങ്ഷനിലെത്തും. ഇവിടെ വൈകിട്ട് പ്രതിഷേധ സംഗമവും നടക്കും.

ഷെയർ ടാക്സി (യൂബർ പൂൾ) സംവിധാനത്തിൽ, പുരുഷ യാത്രക്കാരനുമായി വന്ന ഷെഫീക്കിനെ ഇതേ കാറിൽ തൃപ്പൂണിത്തുറയിലേക്ക് പോകാൻ ബുക്ക് ചെയ്ത് വൈറ്റിലയിൽ കാത്തുനിന്ന മൂന്നംഗ യുവതികളാണ് ക്രൂരമായി മർദ്ദിച്ചത്. കാറിൽ പുരുഷ യാത്രക്കാരനെ കയറ്റി വന്നതിന്‍റെ പേരിലായിരുന്നു മർദ്ദനം. യുവതികൾ ഷെഫീക്കിന്റെ ഉടുമുണ്ടും അടിവസ്ത്രവും അടക്കം വലിച്ചുകീറിയിരുന്നു. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു.

മൂന്ന് ദിവസം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ‌‌ഷെഫീക്കിനെ ഇന്നലെയാണ് സർജറി വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. യുവതികളെ സം‌ഭവ ദിവസം വൈകിട്ടു തന്നെ സ്റ്റേ‌ഷനിൽ നിന്നു ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാരും ടാക്സി ഡ്രൈവർമാരും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ