തൊടുപുഴ: മൂന്നാറില്‍ അതിശൈത്യത്തിന് തുടക്കമിട്ട് താപനില താഴുന്നു. ബുധനാഴ്ച അഞ്ച് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ബുധനാഴ്ച രേഖപ്പെ ടുത്തിയത്. ചൊവ്വാഴ്ച എട്ടും ബുധനാഴ്ച ഒമ്പത് ഡിഗ്രിയുമായിരുന്നു മൂന്നാറില്‍ അനുഭവപ്പെട്ട താപനില. തണുപ്പ് ശക്തമാകുന്നതോടെ വരും ദിവസങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തുമെന്നാണ് കരുതുന്നത്.സാധാരണയായി നവംബര്‍ ആദ്യവാരത്തില്‍ തുടങ്ങുന്ന ശൈത്യകാലം ജനുവരി രണ്ടാം വാരത്തോടെ യാണ് അവസാനിക്കുക.
മറ്റു സ്ഥലങ്ങള്‍ ചൂടിന്റെ പിടിയിലമരുമ്പോള്‍ തണുത്തുവിറയ്ക്കുന്ന മൂന്നാറിലെ ശൈത്യകാലം ആസ്വദിക്കാന്‍ വിവിധ പ്രദേശങ്ങളിൽ നിന്നുളള സഞ്ചാരികളാണ് സാധാരണയായി മൂന്നാറിലെത്താറുള്ളത്. എന്നാൽ ഇത്തവണ തണുപ്പകാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ തുടക്കത്തിൽ തന്നെ വന്‍തോതില്‍ കുറവുവന്നിട്ടുണ്ടെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് വി വി ജോര്‍ജ് പറയുന്നു. പ്രളയത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന മൂന്നാറില്‍ പിന്നീട് വന്ന ഗജ ചുഴലിക്കാറ്റ് വീണ്ടും ആഘാതമുണ്ടാക്കി.

മൂന്നാര്‍ ഉടുമല്‍പേട്ട് പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലികമായി നിര്‍മ്മിച്ച പെരിയവാര പാലം ഗജ ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുണ്ടായ മഴയില്‍ വീണ്ടും തകര്‍ന്നിരുന്നു. ഇതോടെ ഈ റൂട്ടിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്.
സാധാരണ 2000 മുതല്‍ 2100 വരെ സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500 മുതല്‍ 600 വരെ സഞ്ചാരികള്‍ മാത്രമാണ് പാര്ക്കിലെത്തുന്നതെന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം പെരിയവരയിലെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം വീണ്ടും തുടങ്ങി. 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പിഡബ്ല്യുഡി അധികൃതര്‍ വ്യക്തമാക്കി. 36 വലിയ സിമന്റ് പൈപ്പുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
ഓഗസ്റ്റ് 15 നുണ്ടായ പ്രളയത്തിലാണ് പെരിയവരയിലെ താല്‍ക്കാലിക പാലം തകര്‍ന്നത്. പിന്നീട് നീലക്കുറിഞ്ഞി പൂക്കാലം മുന്നില്‍ കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ നവംബര്‍ 16-ന് ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ പാലം ഒലിച്ചുപോവുകയായിരുന്നു.

അതേസമയം പ്രളയത്തില്‍ നിന്നു മൂന്നാര്‍ കരകയറിയെന്നും മൂന്നാറിലെത്തുന്നത് സുരക്ഷിതമാണെന്നുമുള്ള വാര്‍ത്ത പുറം ലോകം അറിയാത്തതാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് വി വി ജോര്‍ജ് പറയുന്നു. മൂന്നാര്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമാണന്ന തരത്തില്‍ സര്‍ക്കാര്‍ പ്രചാരണം നടത്തിയാല്‍ മാത്രമേ ഇനി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാവൂ. ഇതിനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആവശ്യം, വി വി ജോര്‍ജ് പറയുന്നു.
മൂന്നാറിന് പുറമെ ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളിലും വലിയ രീതിയിൽ തണുപ്പും മഞ്ഞും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തേക്കടി, കുട്ടിക്കാനം, വാഗമൺ എന്നിവടങ്ങളിലും കോടമഞ്ഞ് ഉണ്ടായിരുന്നു. ഇത് സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവർ.