scorecardresearch

മഞ്ഞിൽ കുളിച്ച് മൂന്നാർ; സഞ്ചാരികൾ കൂട്ടത്തോടെ തെക്കിന്റെ കശ്മീരിലേക്ക്, ടൂറിസത്തിനും പുത്തനുണർവ്

ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടൽ

ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടൽ

author-image
Lijo T George
New Update
Munnar Snowfall

കോടപുതച്ച മൂന്നാറിൽ നിന്നുള്ള ദൃശ്യം ( Photo Credit: Jomon Pampavalley)

കൊച്ചി: കോടമഞ്ഞിൽ പുതച്ച മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. സമീപവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് മൂന്നാറിന്റെ ഭംഗി ആസ്വദിക്കുവാൻ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചത്. 

Advertisment

Also Read:കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ

ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ മൂന്നാറിലെ മിക്ക ഹോട്ടലുകളിലും ബുക്കിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശത്ത് നിന്നെത്തുവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 

മൈനസ് ഡിഗ്രിയിൽ മൂന്നാർ 

മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തിയതോടെ പുൽമേടുകളും താഴ്‌വാരങ്ങളും മഞ്ഞ് പുതച്ച നിലയിലാണ്. 

Also Read: കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകൾ ഏതൊക്ക? സമയവും റൂട്ടുകളും അറിയാം വിശദമായി

യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ ടീ റിസർച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം ചെണ്ടുവരൈ, സൈലന്റ് വാലി, ലക്ഷ്മി, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. ദേവികുളത്ത് ഒരു ഡിഗ്രിയും മാട്ടുപ്പെട്ടിയിലെ ആർ ആൻഡ് ഡി സെന്ററിൽ രണ്ട് ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച രേഖപ്പെടുത്തിയ രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും കുറഞ്ഞ താപനില. മഞ്ഞുവീഴ്ചയും കൊടുംതണുപ്പും ഇനിയും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

Munnar Snowfall FI
മൂന്നാറിൽ നിന്നുള്ള ദൃശ്യങ്ങൾ  ( Photo Credit: Jomon Pampavalley)

സാധാരണയായി ഡിസംബർ അവസാന വാരത്തിലാണ് മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്താറുള്ളത്. എന്നാൽ ഇത്തവണ തണുപ്പ് നേരത്തെ എത്തിയത് കാലാവസ്ഥാ വിദഗ്ധർ ശ്രദ്ധിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയും മഞ്ഞുപുതച്ച പുൽമേടുകളും ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു.

അതേസമയം, മൂന്നാറിലെ ടീ എസ്റ്റേറ്റുകളുടെ ഉൾപ്രദേശങ്ങളിൽ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ് ഉള്ളതെന്ന് സംസ്ഥാന ദുരന്തനിവാര വിഭാഗത്തിലെ കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലല്ല. പകൽ താപനില 20 -22 ഡിഗ്രി സെൽഷ്യസിന് ഇടയിലാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കുറഞ്ഞ താപനില (23 ഡിംസബറിലെ കണക്ക്)

പ്രദേശംതാപനില (ഡിഗ്രി സെഷഷ്യസിൽ)
ലെച്ച്മി സെക്ഷൻ -1 °C
സൈലന്റ് വാലി 0°C
ദേവികുളം 2 °C
സെവൻമലേ സെക്ഷൻ 1 °C
ചെണ്ടുവരൈ 0 °C
മാട്ടുപ്പെട്ടി 4 °C
നല്ലതണ്ണി1 °C

പ്രതീക്ഷയിൽ ടൂറിസം മേഖല

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കാകെ ഉണർവ് നൽകുന്നതാണ് ഈ ക്രിസ്മസ്- പുതുവത്സര കാലത്ത് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്ത് ഏറ്റവുമധികം സഞ്ചാരികൾ സന്ദർശനം നടത്തുന്നത് മൂന്നാറിലാണ്. മൂന്നാറിലേക്കുള്ള നിലവിലെ സഞ്ചാരികളുടെ ഒഴുക്ക് മറ്റിടങ്ങളിലെ ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 

മുൻ വർഷങ്ങളേക്കാൾ മൂന്നാറിൽ ഇക്കുറി ബുക്കിങ് വർധിച്ചെന്ന് മൈ മൂന്നാർ മൂവ്മെന്റ് കോർഡിനേറ്റർ ജി. സോജൻ പറഞ്ഞു. "പ്രതിസന്ധിയിലായിരുന്ന ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് നിലവിലെ സാഹചര്യം. അവധി ദിനങ്ങൾ കൂടിയായതോടെ ബുക്കിങ്ങിലും വൻ വർധനവ് ഉണ്ടായിട്ടുണ്ട്,"- ജി.സോജൻ പറഞ്ഞു. 

പതിവിൽ നിന്ന് മാറി ഇക്കുറി മൂന്നാറിൽ നേരത്തെ തണുപ്പ് എത്തിയെന്നും ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമായെന്നും കേരള ട്രാവൽ മാർട്ട് മാനേജിങ് കമ്മറ്റിയംഗം വിനോദ് വട്ടേക്കാട്ട് പറഞ്ഞു. "മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും ന്യൂഇയർ വരെ മികച്ച ബുക്കിങ് ഉണ്ട്. സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഉണ്ടാകാറുള്ള ഈ തണുപ്പ് ഡിസംബർ രണ്ടാം വാരത്തിൽ തന്നെ തുടങ്ങിയത് ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്," വിനോദ് വട്ടേക്കാട്ട് പറഞ്ഞു. 

Munnar Tourism2
മൂന്നാറിൽ നിന്നുള്ള ദൃശ്യങ്ങൾ

കെടിഡിസിയുടെ മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിൽ ഏറെക്കുറെ ബുക്കിങ് പൂർത്തിയായ നിലയിലാണ്. തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി എന്നീ പ്രീമിയം ഹോട്ടലുകൾ നേരത്തെ തന്നെ മുഴുവൻ മുറികളും ബുക്കു ചെയ്തു കഴിഞ്ഞു. തേക്കടി ലേക്ക് പാലസിൽ ഇനി ജനുവരി 10 മുതൽ മാത്രമാണ് മുറി ഒഴിവു വരുന്നത്. ഇവിടെ ആറ് കുടുംബങ്ങൾക്ക് മാത്രം തങ്ങാനുള്ള സൗകര്യമാണുള്ളത്. 

തേക്കടി ആരണ്യ നിവാസിൽ 30 പ്രീമിയം റൂമുകളും ജനുവരി അഞ്ച് മുതൽ മാത്രമാണ് ഒഴിവുള്ളത്. മൂന്നാറിലെ കെടിഡിസി റിസോർട്ടായ ടീ കൗണ്ടിയിൽ ആകെയുള്ള 59 പ്രീമിയം മുറികൾ ജനുവരി മാസത്തിൽ ഏതാണ്ട് പൂർണമായും ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. കേരളത്തിലെ ഈ സീസണിലെ സവിശേഷമായ കാലാവസ്ഥയും ദീർഘമായ അവധിയുമാണ് കെടിഡിസിയുടെ ഹോട്ടലുകൾ വ്യാപകമായി ബുക്കു ചെയ്തു പോകാൻ കാരണമെന്ന് കെടിഡിസി മാർക്കറ്റിങ് മാനേജർ രാജ്മോഹൻ പറഞ്ഞു.

തണുപ്പ് അത്ര കൂടുതൽ അല്ല

മൂന്നാറിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് മാത്രമാണ് ഇത്തവണയും ലഭിക്കുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. എന്നാൽ 2024-ലെ തണുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി തണുപ്പ് കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read: അന്ന് അച്ഛൻ, ഇന്ന് മകൻ; 80 വർഷങ്ങൾക്കിപ്പുറവും മായാതെ ആ ക്യാമറ ക്ലിക്ക്

" പൊതുവേ ഡിസംബർ, ജനുവരി മാസങ്ങളിൽ മൂന്നാറിൽ ഇത്രയും തണുപ്പ് ലഭിക്കുന്നതാണ്.​ എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മൂന്നാറിൽ ഡിസംബർ മാസത്തിൽ അപ്രതീക്ഷിതമായി മഴ പെയ്തിരുന്നു. ഇത് തണുപ്പ് കുറയാൻ കാരണമായി. എന്നാൽ ഇക്കുറി മഴ പെയ്തില്ല. അതിനാൽ പൊതുവേ മേഖലയിലെ എല്ലാ പ്രദേശങ്ങളിലും തണുപ്പ് ലഭിച്ചുതുടങ്ങി. ഫെബ്രുവരി പകുതി വരെ ഇതേ സ്ഥിതി തുടരാൻ സാധ്യതയുണ്ട്,'' രാജീവൻ എരിക്കുളം പറഞ്ഞു.

Read More: സ്റ്റാർട്ട്...ആക്ഷൻ വനത്തിനുള്ളിൽ വേണ്ട; വന്യജീവി സങ്കേതങ്ങളിൽ സിനിമ ഷൂട്ടിങ്ങിന് നിരോധനം

Munnar Kerala Tourism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: