മാവേലിക്കര: പള്ളിയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻമാർ വീഞ്ഞ് കുപ്പി അടക്കം കവർന്നു. ആലപ്പുഴ മാവേലിക്കരയിൽ പുന്നമ്മൂട് സെന്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയിലെ കാണിക്ക ഇടുന്ന വഞ്ചികളിൽ (നേർച്ചപ്പെട്ടി) നിന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പള്ളിമുറ്റത്തെ ലെെറ്റ് അണയ്ക്കാൻ എത്തിയ ആളാണ് മോഷണം നടന്ന കാര്യം ആദ്യം അറിയുന്നത്. പള്ളിയുടെ വടക്കു വശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ഇയാൾ നാട്ടുകാരെ സംഭവമറിയിക്കുകയായിരുന്നു.
നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാണിക്കൾ വഞ്ചികൾ മോഷണം പോയ കാര്യം അറിയുന്നത്. പള്ളിയ്ക്കുള്ളിൽ നിന്നു മോഷ്ടിച്ച രണ്ട് കാണിക്ക വഞ്ചികളിൽ നിന്നും മോഷ്ടാക്കൾ പണം കവർന്നിട്ടുണ്ട്. അതിനുശേഷം കാണിക്ക വഞ്ചികൾ പള്ളി സെമിത്തേരിയിൽ ഉപേക്ഷിച്ചു.
Read Also: കോവിഡ്-19: കളിയും കാര്യവുമായി ആരോഗ്യപ്രവർത്തകർക്കൊപ്പം സമയം ചെലവഴിച്ച് മോഹൻലാൽ
അതേസമയം, കാണിക്ക വഞ്ചികൾക്കു പുറമേ പള്ളിയിലെ മദ്ബഹയുടെ സമീപമുള്ള മുറിയിലെ അലമാരിയിൽ നിന്നു കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞും കള്ളൻമാർ അപഹരിച്ചു. വീഞ്ഞ് മുഴുവൻ കുടിച്ചശേഷം മോഷ്ടാക്കൾ കുപ്പി സമീപത്ത് ഉപേക്ഷിച്ചു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. വിശ്വാസികളുടെ അഭാവത്തിലാണ് പള്ളികളിൽ തിരുക്കർമങ്ങൾ നടക്കുന്നത്. വിശുദ്ധവാര ചടങ്ങുകളെല്ലാം വിശ്വാസികൾ ഇല്ലാതെയാണ് പള്ളികളിൽ നടക്കുക. വിശ്വാസികൾക്ക് പള്ളിയിലെ തിരുക്കർമങ്ങൾ തത്സമയം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.