തിരുവനന്തപുരം: കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 കി.മീ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊടിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിലും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ശക്തമായ കാറ്റിനൊപ്പം വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുളളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കാൻ ജില്ലാ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
റവന്യൂ, പൊലീസ്, അഗ്നിശമന സേന, ആരോഗ്യം, ഫിഷറീസ്, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്. മെയ് എട്ട് വരെ കേരളത്തിലടക്കം ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.